ഇന്ത്യയിലെ തെരഞ്ഞെടുപ്പില്‍ ജാതിയും, മതവുമൊക്കെ ഒരു പ്രധാന വിഷയമാണ്. എത്ര ഇല്ലെന്ന് പറഞ്ഞാലും ഇത് നോക്കി തന്നെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പോലും ഇതാണ് അവസ്ഥ. എന്നാല്‍ ഇതൊക്കെ ഇന്ത്യയിലെ കാര്യം മാത്രമാണോ? തീര്‍ച്ചയായും അല്ല. അതിന് ഉദാഹരണമാണ് വത്തിക്കാനെ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ ശ്രമം.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്താന്‍ അവസരം നല്‍കണമെന്ന അപേക്ഷ പക്ഷെ വത്തിക്കാന്‍ നിരാകരിച്ചു. ചൈനയുമായുള്ള വത്തിക്കാന്റെ ബന്ധങ്ങളെ ചോദ്യം ചെയ്ത് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ സഭയെ വലിച്ചിഴക്കാന്‍ ശ്രമിക്കുന്നുവെന്നും വത്തിക്കാന്‍ ആരോപിച്ചു.
ബിഷപ്പുമാരെ നിശ്ചയിക്കാനുള്ള അവകാശം ചൈനയ്ക്ക് നല്കി കരാര്‍ ഒപ്പുവെച്ച വത്തിക്കാന്‍ തീരുമാനത്തിന് എതിരെ മൈക്ക് പോംപിയോ ലേഖനം എഴുതുകയും, ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് വത്തിക്കാനിലെ രണ്ട് മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥര്‍ രംഗത്ത് വന്നത്. അത്യപൂര്‍വ്വമായി മാത്രം നടത്തുന്ന പ്രതികരണമാണ് വത്തിക്കാന്റെ ഭാഗത്ത് നിന്ന് പുറത്തുവന്നത്.
റോമിലെത്തിയ പോംപിയോ വ്യാഴാഴ്ച വത്തിക്കാന്‍ ഉദ്യോഗസ്ഥരെ കാണുന്നുണ്ട്. യുഎസ് എംബസി നടത്തിയ പരിപാടിയിലും ചൈനയിലെ മതസ്വാതന്ത്ര്യ നിഷേധത്തിനെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെട്രോ പരോളിന്, ഫോറിന് മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പ് പോള്‍ ഗാലാഗര് എന്നിവരാണ് പോംപിയോയ്ക്ക് പോപ്പിനെ കാണാനുള്ള അവസരം നിഷേധിച്ചതായി വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയക്കാരെ സ്വീകരിക്കാത്തതാണ് ഇതിന് കാരണം, പരോളിന് പറഞ്ഞു.