ഒടുവില്‍ ജോ ബൈഡന് മുന്നില്‍ തോല്‍വി സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്. ട്വീറ്റ് വന്നതിന് പിന്നാലെ വാക്കുകള്‍ തിരുത്തി ട്രംപും, അദ്ദേഹത്തിന്റെ അഭിഭാഷകന്‍ റൂഡി ഗിലാനിയും രംഗത്തെത്തി. താന്‍ തന്നെയാണ് യഥാര്‍ത്ഥത്തില്‍ വിജയിച്ചതെന്നും, തെരഞ്ഞെടുപ്പ് ഡെമോക്രാറ്റുകള്‍ മോഷ്ടിക്കുകയായിരുന്നുവെന്നുമാണ് വിശദീകരണം.
ബൈഡന്‍ വിജയിച്ചതായി ന്യൂസ് ഔട്ട്‌ലെറ്റുകള്‍ പ്രഖ്യാപിച്ച് ഒരാഴ്ച കഴിയുമ്പോഴാണ് ട്രംപിന്റെ സമ്മത ട്വീറ്റ്. എന്നാല്‍ പ്രസിഡന്റ് ട്രംപ് പരിഹാസമാണ് ഉദ്ദേശിച്ചതെന്നാണ് ഗിലാനിയുടെ വിശദീകരണം. മാധ്യമങ്ങള്‍ ബൈഡന്‍ വിജയിച്ചെന്ന് പറയുമ്പോഴും, ഇത് നിയമവിരുദ്ധമായ വിജയമാണെന്ന് ചൂണ്ടിക്കാണിക്കാനാണ് ട്രംപ് ഉദ്ദേശിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഇക്കാര്യമാണ് കോടതിയില്‍ കടുത്ത പോരാട്ടത്തിന് വിധേയമാകുന്നത്.
ഡെമോക്രാറ്റിക് എതിരാളി വിജയിച്ചത് തെരഞ്ഞെടുപ്പ് അട്ടിമറിച്ചാണെന്നാണ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്. ഈ വിജയം യഥാര്‍ത്ഥമല്ലാത്തതിനാല്‍ നിയമവിരുദ്ധമെന്നാണ് പ്രസിഡന്റ് വിശേഷിപ്പിച്ചത്. തീവ്ര ഇടതുകാരുടെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് വോട്ട് കണക്കാക്കിയതെന്നാണ് ട്രംപിന്റെ ആരോപണം. തെരഞ്ഞെടുപ്പ് തോല്‍വി താന്‍ സമ്മതിച്ചിട്ടില്ലെന്ന് പിന്നീട് പ്രസിഡന്റ് വിശദീകരണവും നല്‍കി.
വ്യാജ മാധ്യമങ്ങളുടെ കണ്ണിലാണ് അയാള്‍ വിജയിച്ചത്. ഞാന്‍ ആര്‍ക്കും ഒന്നും അടിയറ വെച്ചിട്ടില്ല. ഇനിയും മുന്നോട്ട് പോകാനുണ്ട്. ഈ തെരഞ്ഞെടുപ്പ് തട്ടിപ്പാണ്, പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.