CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Hours 16 Minutes 21 Seconds Ago
Breaking Now

ഇംഗ്ലണ്ടില്‍ അടച്ചുപൂട്ടല്‍ ഏല്‍ക്കുന്നുണ്ട്; കൊവിഡ് കേസുകളുടെ കുതിപ്പിന് തടയിട്ടു; ലോക്ക്ഡൗണ്‍ ഇനിയും കര്‍ശനമാകേണ്ടതുണ്ടോ? ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ നിരക്കുമായി അയര്‍ലണ്ട്; ആശുപത്രികള്‍ താങ്ങാന്‍ കഴിയുന്നതിലും അപ്പുറം സമ്മര്‍ദത്തിലെന്ന് ഹെല്‍ത്ത് മേധാവികള്‍

സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയ രൂപമാറ്റം വന്ന വൈറസാണ് അയര്‍ലണ്ടിന് വിനയായതെന്നാണ് ഐറിഷ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്

ദേശീയ ലോക്ക്ഡൗണിന്റെ സഹായത്തോടെ ബ്രിട്ടനില്‍ കൊറോണാവൈറസ് കേസുകളുടെ ശക്തി ക്ഷയിക്കുന്നു. നിയമങ്ങളും, വിലക്കുകളും കൂടുതല്‍ കര്‍ശനമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുമ്പോഴാണ് വൈറസിന്റെ കാഠിന്യം കുറയുന്നതായി ഔദ്യോഗിക കണക്കുകള്‍ സ്ഥിരീകരിക്കുന്നത്. ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ഒടുവിലായി സ്ഥിരീകരിച്ച 46,169 പോസിറ്റീവ് ടെസ്റ്റുകള്‍ ഡിസംബര്‍ 28ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ കണക്കാണ്. 

ശനിയാഴ്ച കേസുകള്‍ കുതിച്ചുയര്‍ന്ന ശേഷം രണ്ട് ദിവസങ്ങളായി കണക്കുകളില്‍ കുറവ് വന്നിട്ടുണ്ട്. നിയമങ്ങള്‍ അനുസരിക്കാന്‍ ആളുകള്‍ തയ്യാറായില്ലെങ്കില്‍ അത് കൂടുതല്‍ ശക്തമാക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനിടെയാണ് ലോക്ക്ഡൗണ്‍ മൂലം ഇന്‍ഫെക്ഷന്‍ നിരക്കില്‍ കുറവ് സംഭവിച്ചതായി സൂചനകള്‍ പുറത്തുവരുന്നത്. എന്നാല്‍ ലണ്ടന്‍, സൗത്ത് ഈസ്റ്റ്, ഈസ്റ്റ് ഇംഗ്ലണ്ട് മേഖലകളില്‍ ടിയര്‍ 4 കൊണ്ടും കാര്യമായ ഗുണമില്ലാത്ത അവസ്ഥയാണ്. ക്രിസ്മസ് മുതല്‍ രണ്ടാഴ്ചയോളമായി ഇവിടെയെല്ലാം ലോക്ക്ഡൗണില്‍ ആണെങ്കിലും കേസുകള്‍ മിക്ക മേഖലകളിലും ഉയരുന്ന കാഴ്ചയാണ്. 

ഇംഗ്ലണ്ടിലെ 315 ബറോകളില്‍ 11 ഇടത്ത് മാത്രമാണ് ഈ വര്‍ഷം ആദ്യ ആഴ്ചയില്‍ ഇന്‍ഫെക്ഷന്‍ നിരക്ക് കുറഞ്ഞതെന്ന് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് ഡാറ്റ വ്യക്തമാക്കി. കൂടുതല്‍ കര്‍ശനമായ ലോക്ക്ഡൗണും, എല്ലാവരോടും വീട്ടിലിരുന്ന് ജോലി ചെയ്യാനും, സ്‌കൂളുകള്‍ പരമാവധി അടച്ചിടാനും ആവശ്യപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയേക്കാം. വാക്‌സിനേഷന്‍ മാത്രമാണ് വിലക്കുകളില്‍ നിന്ന് മോചനം നേടാനുള്ള ഏക മാര്‍ഗ്ഗമായി നിലകൊള്ളുന്നത്. 

അതേസമയം ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ഇന്‍ഫെക്ഷന്‍ റേറ്റുള്ള സ്ഥലമായി അയര്‍ലണ്ട് മാറിയെന്ന ഞെട്ടിക്കുന്ന അവസ്ഥയും ഇതോടൊപ്പം പുറത്തുവരുന്നുണ്ട്. ഒരു മില്ല്യണ്‍ ജനങ്ങള്‍ക്ക് 10.100 സ്ഥിരീകരിച്ച കേസുകളാണ് കഴിഞ്ഞ ഏഴ് ദിവസമായി രേഖപ്പെടുത്തുന്നത്. സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയ രൂപമാറ്റം വന്ന വൈറസാണ് അയര്‍ലണ്ടിന് വിനയായതെന്നാണ് ഐറിഷ് പ്രധാനമന്ത്രി വ്യക്തമാക്കുന്നത്. അയര്‍ലണ്ടിലെ ആശുപത്രികള്‍ താങ്ങാന്‍ കഴിയാവുന്നതിലും അപ്പുറമുള്ള സമ്മര്‍ദം നേരിടുകയാണെന്ന് ഹെല്‍ത്ത് സര്‍വ്വീസ് പ്രൊവൈഡര്‍ മേധാവി കൂട്ടിച്ചേര്‍ത്തു. 




കൂടുതല്‍വാര്‍ത്തകള്‍.