ഈസ്റ്റര്‍ ഞായറാഴ്ച തങ്ങളുടെ കുഞ്ഞുമായി ആദ്യമായി പുറത്ത് നടക്കാനിറങ്ങിയ മാതാപിതാക്കളുടെ ഹൃദയം തകര്‍ത്താണ് ആ ബിഎംഡബ്യു കാര്‍ പാഞ്ഞെത്തിയത്. രണ്ടാഴ്ച മാത്രം പ്രായമായ അവരുടെ കുഞ്ഞ് മകന്‍ ഇരുന്ന പ്രാം ഇടിച്ചുതെറിപ്പിച്ച് ചുമരിനോട് ചേര്‍ത്താണ് കാര്‍ നിന്നത്. സംഭവത്തില്‍ 34-കാരനായ ഡ്രൈവര്‍ ജെയിംസ് പോള്‍ ഡേവിസിന് എതിരെ അപകടകരമായ ഡ്രൈവിംഗ് മൂലമുണ്ടായ മരണം സൃഷ്ടിച്ചതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
ഇന്‍ഷുറന്‍സ് ഇല്ലാതെ കാര്‍ ഓടിച്ച് ജെയിംസ് അപകടം സൃഷ്ടിച്ചപ്പോള്‍ രണ്ടാഴ്ച മാത്രം പ്രായമായ സിയാറാന്‍ ലെയ് മോറിസിനാണ് ജീവന്‍ നഷ്ടമായത്. വാല്‍സാളിലൂടെ നടന്നുപോകുകയായിരുന്ന കുടുംബത്തിന് നേരെ നിയന്ത്രണം വിട്ടെത്തിയ കാര്‍ പ്രാം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അതേസമയം അപകടം ഉണ്ടാക്കിയ ശേഷം സ്ഥലത്ത് നില്‍ക്കാതെ ഓടിരക്ഷപ്പെട്ടതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. അറസ്റ്റിലായ ജെയിംസിനെ വോള്‍വര്‍ഹാംപ്ടണ്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കും.
കാര്‍ ഇടിച്ച് കുഞ്ഞിന് അതീവ ഗുരുതരമായ പരുക്കുകളാണ് ഏറ്റതെന്ന് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് വ്യക്തമാക്കി. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരുന്നില്ല. 34-കാരനായ ജെയിംസ് പോള്‍ ഡേവിസ് ഇന്‍ഷുറന്‍സില്ലാത്ത കാര്‍ ഓടിച്ച് അപകടകരമായ ഡ്രൈവിംഗിലൂടെ മരണം സംഭവിക്കാന്‍ ഇടയാക്കിയതിനാണ് കേസ് ചുമത്തിയിരിക്കുന്നത്. കൂടാതെ അപകടസ്ഥലത്ത് നില്‍ക്കാനോ, സംഭവം റിപ്പോര്‍ട്ട് ചെയ്യാനോ ഇയാള്‍ തയ്യാറായില്ല, പോലീസ് വ്യക്തമാക്കി.
18-കാരായ കാമറൂണ്‍ മോറിസിന്റെയും, കോഡി ഹോളിമാന്റഫെയും കുഞ്ഞാണ് അപകടത്തില്‍ കൊലപ്പെട്ടത്. ഈസ്റ്റര്‍ ദിനത്തില്‍ ആദ്യമായി കുഞ്ഞുമായി പുറത്തിറങ്ങിയപ്പോഴാണ് അപകടം തേടിയെത്തിയത്. ഹൃദയം തകര്‍ന്ന മാതാപിതാക്കള്‍ അപകടസ്ഥലത്ത് പൂക്കള്‍ അര്‍പ്പിക്കാന്‍ എത്തി. ഇവര്‍ക്ക് പിന്തുണയുമായി കുടുംബാംഗങ്ങളും, സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു.