CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 45 Minutes 28 Seconds Ago
Breaking Now

കാലവും ചരിത്രവും താന്‍ കുറ്റക്കാരനല്ലെന്നു വിധിക്കും, വികാരാധീനനായി മുല്ലപ്പള്ളി

ജംബൊ കമ്മിറ്റി വേണ്ടെന്ന ഉറച്ചനിലപാടായിരുന്നു തനിക്ക്. അവസാനം ഗ്രൂപ്പുതിരിഞ്ഞ് ഭാരവാഹികളെ നിശ്ചയിക്കുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവന്നു.

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പരസ്പരം പഴിചാരലും കുറ്റപ്പെടുത്തലും തുടരുകയാണ്. നിരന്തരം ഇരയാകുന്നത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനാണ്. സംസ്ഥാന നേതൃത്വത്തിലെ പ്രവര്‍ത്തനത്തിലെ പാളിച്ചകളില്‍ ദേശീയ നേതൃത്വവും അതൃപ്തി അറിയിച്ചിരുന്നു. ഇതോടെ തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതില്‍ നിന്നും പലരും പിന്‍വാങ്ങിയത്.

ഇപ്പോള്‍ ഇന്ദിരാഭവനില്‍ ചേര്‍ന്ന കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വികാരാധീനനായി സംസാരിച്ചിരിക്കുകയാണ്. തോല്‍വിയുടെ ഉത്തരവാദിത്വം ചുമത്തി അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കാന്‍ പാര്‍ട്ടിയില്‍ ശ്രമംനടക്കുന്ന സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ വാക്കുകള്‍ ഇടറിയുള്ള പ്രസംഗം നടത്തിയത്.

മുല്ലപ്പള്ളിയുടെ വാക്കുകള്‍;

എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്. പാര്‍ട്ടിയുടെ കസ്റ്റോഡിയനായാണ് പ്രവര്‍ത്തിച്ചത്. പരാജയത്തില്‍ തനിക്കും ഉത്തരവാദിത്വമുണ്ട്. എന്നാല്‍, താന്‍ മാത്രമല്ല ഉത്തരവാദി. പ്രസിഡന്റായപ്പോള്‍മുതല്‍ ഐക്യത്തിനാണ് മുന്‍തൂക്കം നല്‍കിയത്.

പൂര്‍ണ വിട്ടുവീഴ്ചയ്ക്ക് തയ്യാറായി. ഒരു ചേരിയുടെയും ഭാഗമാകാതെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ശ്രമിച്ചത്. അത് ഹൈക്കമാന്‍ഡിന് നല്‍കിയ ഉറപ്പായിരുന്നു. പാര്‍ട്ടി പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിലപ്പെട്ട ഒന്നരക്കൊല്ലമാണ് നഷ്ടമായത്. ജംബൊ കമ്മിറ്റി വേണ്ടെന്ന ഉറച്ചനിലപാടായിരുന്നു തനിക്ക്. അവസാനം ഗ്രൂപ്പുതിരിഞ്ഞ് ഭാരവാഹികളെ നിശ്ചയിക്കുന്നത് നിസ്സഹായനായി നോക്കിനില്‍ക്കേണ്ടിവന്നു. എന്റെ ബൂത്ത്, എന്റെ അഭിമാനം എന്ന പദ്ധതി കൂടുതല്‍ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല.

തിരഞ്ഞെടുപ്പ് പ്രചാരണവും കൂട്ടായ ഉത്തരവാദിത്വമായാണ് ചെയ്തത്. പരാജയപ്പെടുമ്പോള്‍ തന്റെ ഉത്തരവാദിത്വം മാത്രമാക്കിമാറ്റുന്നു. തിരഞ്ഞെടുപ്പിനായി എ.ഐ.സി.സി. നിര്‍ദേശിച്ച സമിതിയിലെ ഒരംഗം മാത്രമാണ് താന്‍. ഉത്തരവാദിത്വം ആ കമ്മിറ്റിയിലെ എല്ലാവര്‍ക്കുമുണ്ട്. വിമര്‍ശനത്തെ സത്യസന്ധമായി ഉള്‍ക്കൊള്ളുന്നു. താന്‍ ഒളിച്ചോടിയിട്ടില്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്ന പതിനായിരങ്ങളില്‍ ഒരാളായി തന്നെയും കണ്ടാല്‍മതി. ലോക്‌സഭയിലെപ്പോലെ മികച്ച വിജയത്തിനാണ് ശ്രമിച്ചത്. എന്നാല്‍, അതിനു കഴിഞ്ഞില്ല. എന്തായാലും കാലവും ചരിത്രവും താന്‍ കുറ്റക്കാരനല്ലെന്നു വിധിക്കും.

 




കൂടുതല്‍വാര്‍ത്തകള്‍.