Breaking Now

അമ്മയുടെ ജീവിതകഥയില്‍ ആഞ്‌ജലീന നായിക!

സ്വന്തം അമ്മയുടെ ജീവിതകഥ സിനിമയാകുമ്പോള്‍ അതില്‍ നായികയാകാനുള്ള ഒരുക്കത്തിലാണ്‌ പ്രമുഖ ഹോളിവുഡ്‌ താരസുന്ദരി ആഞ്‌ജലീന ജൂലി.

ഹോളിവുഡ്‌ നടിയും നിര്‍മ്മാതാവും ആയിരുന്നു ആഞ്‌ജലീനയുടെ അമ്മ മാര്‍സെലീന.

സ്വന്തം നിര്‍മ്മാണക്കമ്പനിയായ പ്‌ളാന്‍ ബി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ആഞ്‌ജലീനയുടെ ജീവിതപങ്കാളിയും പ്രമുഖ ഹോളിവുഡ്‌ നടനും നിര്‍മ്മാതാവുമായ ബ്രാഡ്‌ പിറ്റാണ്‌ അമ്മായിയമ്മ മാര്‍സെലീനയുടെ ജീവിതത്തെ ആധാരമാക്കിയുള്ള ചിത്രം നിര്‍മ്മിക്കുന്നത്‌. 2014 ല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ ആരംഭിക്കുമെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ അമ്മ മാര്‍സെലീന ബെര്‍ട്രാന്‍ഡ്‌ ആണ്‌ ആഞ്‌ജലീനയുടെ പ്രചോദനം. അഫ്‌ഗാനിലെ സ്‌ത്രീ അഭയാര്‍ത്ഥികളുടെ ഉന്നമനത്തിനായി ഒട്ടേറെ കാര്യങ്ങള്‍ ചെയ്‌തിട്ടുണ്ട്‌ മാര്‍സെലീന. കൂടാതെ പ്രത്യുല്‌പാദന അവയവങ്ങളില്‍ ക്യാന്‍സര്‍ ബാധിതരായി കഷ്‌ടതയനുഭവിക്കുന്ന സ്‌ത്രീകളെ സഹായിക്കാനായി 'ഗിവ്‌ ലവ്‌ ഗിവ്‌ ലൈഫ്‌' എന്നൊരു സംഘടനയ്‌ക്കും രൂപം നല്‌കിയിട്ടുണ്ട്‌. 2007 ല്‍ തന്റെ 56-ാം വയസില്‍ ആഞ്‌ജലീനയുടെ അമ്മ മാര്‍സെലീന അന്തരിച്ചത്‌ അണ്ഡാശയത്തിലെ ക്യാന്‍സര്‍ ബാധയെത്തുടര്‍ന്നായിരുന്നു.

അടുത്തകാലത്ത്‌ പാരമ്പര്യമായി ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യത ജീനില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ആഞ്‌ജലീന തന്റെ സ്‌തനങ്ങള്‍ നീക്കം ചെയ്‌തത്‌ വന്‍ വാര്‍ത്തയായിരുന്നു. ഇതു കൂടാതെ ക്യാന്‍സര്‍ റിസ്‌ക്ക് ഒഴിവാക്കാനായി സമീപ ഭാവിയില്‍ തന്റെ അണ്ഡാശയങ്ങളും നീക്കം ചെയ്യാനുള്ള ഒരുക്കത്തിലാണ്‌ ആഞ്‌ജലീന ജൂലി.




കൂടുതല്‍വാര്‍ത്തകള്‍.