CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 50 Minutes 42 Seconds Ago
Breaking Now

പി സി ചാക്കോ പുണ്യാളന്‍ ചമയുകയാണ്, തന്നേയും ഭാര്യയേയും പുറത്താക്കാന്‍ ശ്രമിക്കുകയാണ് ; കുണ്ടറയിലെ യുവതിയുടെ അച്ഛന്‍ പറയുന്നു

പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചുവെന്ന് പരാതിക്കാരിയായ യുവതിയുടെ അച്ഛന്‍ പറയുന്നു.

പി സി ചാക്കോയ്‌ക്കെതിരെ വിമര്‍ശനവുമായി പീഡന പരാതി നല്‍കിയ കുണ്ടറയിലെ യുവതിയുടെ അച്ഛന്‍ രംഗത്ത്. പി സി ചാക്കോയ്ക്ക് അജണ്ടയുണ്ട്. തന്നെയെയും ഭാര്യയെയും എന്‍സിപിയില്‍ നിന്ന് പുറത്താക്കാനാണ് ചാക്കോയുടെ നീക്കം. ചാക്കോ പുണ്യാളന്‍ ചമയുകയാണെന്നും പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു.

പി സി ചാക്കോയും മന്ത്രി എ കെ ശശീന്ദ്രനും മുഖ്യമന്ത്രിയെ സ്വാധീനിച്ചുവെന്ന് പരാതിക്കാരിയായ യുവതിയുടെ അച്ഛന്‍ പറയുന്നു. പരാതിയില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്ന് ചാക്കോ പല നേതാക്കളും വഴി തന്നെ അറിയിച്ചു. തന്നെയെയും ഭാര്യയെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയാണ് ചാക്കോയുടെ ലക്ഷ്യം. ഒന്നും അറിയാത്ത പോലെ ചാക്കോ പുണ്യാളന്‍ ചമയുകയാണ്. ചാക്കോയുടെ അറിവോടെയാണ് ശശീന്ദ്രന്‍ തന്നെ വിളിച്ചത്. പീഡനശ്രമത്തെക്കുറിച്ചും ചാക്കോ അറിഞ്ഞിരുന്നു. ഈ കേസില്‍ ചാക്കോയ്ക്ക് അജണ്ടയുണ്ട്,  അദ്ദേഹം പറഞ്ഞു.

മന്ത്രിക്കെതിരെ കോടതിയെ സമീപിക്കാനാണ് പരാതിക്കാരിയുടെയും കുടുംബത്തിന്റെയും തീരുമാനം. മന്ത്രി രാജിവയ്ക്കണമെന്ന നിലപാടിലാണ് യുവതി. മുഖ്യമന്ത്രിയുടെ നിലപാട് നിരാശപ്പെടുത്തിയെന്ന് കഴിഞ്ഞ ദിവസം യുവതി വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ കുണ്ടറ പീഡന കേസിലെ പരാതിക്കാരി തുടന്നടിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത വേദനയാണ്. മന്ത്രിയെ സംരക്ഷിക്കുന്ന നടപടിയാണൊ മുഖ്യമന്ത്രിയുടെ സ്ത്രീ ശാക്തീകരണമെന്ന് പരാതിക്കരി ചോദിച്ചു. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഏതറ്റം വരെയും നിയമ പോരാട്ടം നടത്തുമെന്ന് പെണ്‍കുട്ടി വ്യക്തമാക്കി. തന്റെ അവസ്ഥയാണ് കേരളത്തിലെ ഓരോ പെണ്‍കുട്ടിയും നേരിടേണ്ടി വരിക. മന്ത്രിയുടെ മകള്‍ക്കാണെങ്കില്‍ ഈ അവസ്ഥ ഉണ്ടാകുമായിരുന്നോ. നല്ല നിലയില്‍ തീര്‍ക്കാന്‍ മന്ത്രി പറയുമായിരുന്നോ പെണ്‍കുട്ടി ചോദിക്കുന്നു.

അതേ സമയം എന്‍സിപി അന്വേഷണ കമ്മീഷന്‍ പരാതിക്കാരിയുടെ അച്ഛനില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറി. പാര്‍ട്ടി കമ്മിഷന്‍ പ്രഹസനമാണെന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍ പറഞ്ഞു. മന്ത്രിക്ക് ചാക്കോ ക്ലീന്‍ ചിറ്റ് നല്‍കിയ നിലയ്ക്ക് കമ്മിഷന് എന്ത് പ്രസക്തിയാണുള്ളതെന്ന് പരാതിക്കാരിയുടെ അച്ഛന്‍ ചോദിക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.