CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
29 Minutes Ago
Breaking Now

തെരുവിലിട്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ബ്രിട്ടീഷ് കോടതി ശിക്ഷിച്ച അനധികൃത കുടിയേറ്റക്കാരെ ഇന്ത്യയിലേക്ക് നാടുകടത്തി; ജീവപര്യന്തം പൂര്‍ത്തിയാക്കാതെ ഇന്ത്യയിലെ ജയിലില്‍ നിന്നും പുറത്തിറങ്ങിയ ഭര്‍ത്താവും, വാടക കൊലയാളിയും ഇരയുടെ ബ്രിട്ടനിലുള്ള കുടുംബത്തെ ഭീഷണിപ്പെടുത്തി രസിക്കുന്നു; ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രിസണ്‍ ട്രാന്‍സ്ഫര്‍ കരാര്‍ ലംഘനമെന്ന് ആരോപണം?

അനിത ജസ്റ്റിസ് മന്ത്രാലയത്തില്‍ വിവരം അറിയിച്ചപ്പോള്‍ അധികൃതരും ഞെട്ടലിലായി

ഇന്ത്യയില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കാനായി ബ്രിട്ടന്‍ നാടുകടത്തിയ രണ്ട് കൊലയാളികള്‍ മാസങ്ങള്‍ പോലും തികയുന്നതിന് മുന്‍പ് ജയിലില്‍ നിന്നും പുറത്തിറങ്ങി ഇരയുടെ ബ്രിട്ടനിലുള്ള ബന്ധുക്കളെ ഭീഷണിപ്പെടുത്തുന്നതായി ആരോപണം. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രിസണ്‍ ട്രാന്‍സ്ഫര്‍ കരാര്‍ ലംഘനമാണ് ഇതുവഴി സംഭവിച്ചതെന്നാണ് ആരോപണം. അമൃത്സറിലെ ജയിലില്‍ നിന്നും മോചിതരായ 43-കാരന്‍ ഹര്‍പ്രീത് ഔലാഖ്, 30-കാരന്‍ ഷേര്‍ സിംഗ് എന്നിവര്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്. 

എന്നാല്‍ ഇതിന് പുറമെ ഇരയുടെ യുകെയിലുള്ള ബന്ധുക്കളെ ഫോണ്‍ വഴിയും, സോഷ്യല്‍ മീഡിയയിലൂടെയും ബന്ധപ്പെട്ട് വധഭീഷണി മുഴക്കുകയും ചെയ്യുകയാണ് കൊലയാളികള്‍. താന്‍ കൊലപ്പെടുത്തിയ ഭാര്യ ഗീതയുടെ സഹോദരി അനിതാ ഷിന്‍ഹിനെ നാട്ടിലെത്തിയാല്‍ 'തീര്‍ക്കുമെന്നാണ്' ഔലാഖ് ഭീഷണിപ്പെടുത്തിയത്. 2009ലാണ് 28-കാരിയായ ഗീതയുടെ കൊലപാതകം നടന്നത്. ഇതില്‍ മുഖ്യ സൂത്രധാരനായി കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് ഒലാഖിന് ഓള്‍ഡ് ബെയ്‌ലി 28 വര്‍ഷം ശിക്ഷ വിധിച്ചത്. 

ഗീത വിവാഹമോചനം ആവശ്യപ്പെട്ടതോടെയാണ് 5000 പൗണ്ട് നല്‍കി ഔലാഖ് ഷേര്‍ സിംഗിനെ വാടക കൊലയാളിയായി നിയോഗിച്ചത്. വെസ്റ്റ് ലണ്ടന്‍ ഗ്രീന്‍ഫോര്‍ഡില്‍ വെച്ചാണ് രണ്ട് മക്കളെ കൂട്ടിക്കൊണ്ട് വരാന്‍ പോകുകയായിരുന്ന ഗീതയെ വെട്ടിക്കൊന്നത്. കേസില്‍ ഷേര്‍ സിംഗിന് 22 വര്‍ഷമാണ് ശിക്ഷ വിധിച്ചത്. ഇന്ത്യന്‍ പൗരന്‍മാരായ ഔലാഖും, സിംഗും എട്ട് വര്‍ഷം ബ്രിട്ടീഷ് ജയിലില്‍ കിടന്ന ശേഷമാണ് ട്രാന്‍സ്ഫര്‍ സ്‌കീം വഴി ഇന്ത്യയില്‍ ബാക്കി ശിക്ഷ അനുഭവിക്കാനായി നാടുകടത്തിയത്. ഔലാഖിന് 20 വര്‍ഷവും, സിംഗിന് 14 വര്‍ഷവും പരോളിന് ബാക്കിയുണ്ടായിരുന്നു. 

എന്നാല്‍ ഇത്രയൊക്കെ എത്തുന്നതിന് മുന്‍പ് ഇരുവരെയും ജയില്‍ മോചിതരാക്കി. ഇതിന് ശേഷം ആഘോഷിക്കുന്ന പ്രതികളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ. ജയിലില്‍ നിന്നിറങ്ങിയ ഔലാഖ് ഗീതയുടെ സഹോദരിയെ വിളിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയാണ്. സഹോദരിയെ തിരിച്ചുകിട്ടില്ല, എന്നിട്ടും കൊലയാളികള്‍ നേരത്തെ പുറത്തിറങ്ങിയത് അവസ്ഥ മോശമാക്കുന്നുവെന്ന് സഹോദരി അനിത പ്രതികരിക്കുന്നു. 

അനിത  ജസ്റ്റിസ് മന്ത്രാലയത്തില്‍ വിവരം അറിയിച്ചപ്പോള്‍ അധികൃതരും ഞെട്ടലിലായി. ജസ്റ്റിസ് സെക്രട്ടറി റോബര്‍ട്ട് ബക്ക്‌ലാന്‍ഡ് സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചു. വിഷയം ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തിയെന്നും, പ്രതികളെ ജയിലില്‍ തിരിച്ചെത്തിക്കുമെന്ന് ഉറപ്പ് ലഭിച്ചതായും ബക്ക്‌ലാന്‍ഡ് കൂട്ടിച്ചേര്‍ത്തു. ഔലാഖിനെ ജയിലില്‍ തിരിച്ചെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സിംഗ് തടവുചാടിയെന്നും സൂചനയുണ്ട്. 




കൂടുതല്‍വാര്‍ത്തകള്‍.