ആന്‍ഡ്രൂ രാജകുമാരനെയും, ജെഫ്രി എപ്സ്റ്റീനെയും ചുറ്റിപ്പറ്റിയുള്ള ലൈംഗിക ചൂഷണ ആരോപണങ്ങളിലെ റിവ്യൂ അവസാനിപ്പിച്ചതായി സ്‌കോട്ട്‌ലണ്ട് യാര്‍ഡ്. 17-ാം വയസ്സില്‍ തന്നെ മനുഷ്യക്കടത്തിന് വിധേയമാക്കിയ ശേഷം ആന്‍ഡ്രൂവുമായി നിര്‍ബന്ധിത സെക്‌സിന് വിധേയമാക്കിയെന്ന ആരോപണങ്ങളില്‍ കൂടുതല്‍ നടപടികള്‍ വേണ്ടെന്നാണ് ഫോഴ്‌സ് തീരുമാനിച്ചിരിക്കുന്നത്. ഇര വിര്‍ജിനിയ റോബര്‍ട്‌സുമായി സംസാരിച്ച ശേഷമാണ് ഇത്.
ശതകോടീശ്വരനായ ഫിനാന്‍ഷ്യര്‍ എപ്സ്റ്റീന്‍ ബ്രിട്ടനില്‍ ചെറുപ്പക്കാരികളെ വളച്ച്, ചൂഷണം ചെയ്തിരുന്നതായ വാദങ്ങളിലും കൂടുതല്‍ നടപടി വേണ്ടെന്നാണ് സ്‌കോട്ട്‌ലണ്ട് യാര്‍ഡിന്റെ തീരുമാനം. ആന്‍ഡ്രൂ രാജകുമാരന്‍ ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ച് വിര്‍ജിനിയ റോബര്‍ട്‌സ് നല്‍കിയ പരാതിയില്‍ 61-കാരനായ യോര്‍ക്ക് ഡ്യൂക്ക് യുഎസില്‍ സിവില്‍ ലോസ്യൂട്ട് നേരിടുകയാണ്. ലണ്ടനില്‍ എത്തിയപ്പോഴാണ് ആന്‍ഡ്രൂ തന്നെ ചൂഷണം ചെയ്തതെന്ന് ഇവര്‍ പറയുന്നത്.
ഈ വാദങ്ങള്‍ ആന്‍ഡ്രൂ നിഷേധിക്കുകയാണ്. യുഎസ് കോടതി കേസ് പുറംതള്ളണമെന്നാണ് നിയമസംഘം ആവശ്യപ്പെടുന്നത്. വിര്‍ജിനിയയുടെ ആരോപണങ്ങളെ കുറിച്ച് മെറ്റ് നേരത്തെയും പരിശോധന നടത്തിയെങ്കിലും സമ്പൂര്‍ണ്ണ അന്വേഷണം ആരംഭിച്ചിരുന്നില്ല. കേസ് യുഎസ് അധികൃതര്‍ക്ക് മുന്നിലുള്ള വിഷയമാണെന്ന് പറഞ്ഞായിരുന്നു ഇത്. ന്യൂയോര്‍ക്കില്‍ കേസ് ഫയല്‍ ചെയ്തതോടെയാണ് 'ആരും നിയമത്തിന് മുകളിലല്ല' എന്ന് അവകാശപ്പെട്ടാണ് തന്റെ ഓഫീസര്‍മാരോട് വിവരത്തില്‍ റിവ്യൂ നടത്താന്‍ മെറ്റ് കമ്മീഷണര്‍ ക്രെസിഡ ഡിക്ക് ആവശ്യപ്പെട്ടത്.
എന്നാല്‍ നടപടിക്രമങ്ങളുടെ ഭാഗമായി എംപിഎസ് ഓഫീസര്‍മാര്‍ യുഎസിലെ കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തതെന്ന് മെറ്റ് പോലീസ് വക്താവ് പറഞ്ഞു. യാതൊരു തുടര്‍നടപടിയും ഇതുസംബന്ധിച്ച് ഉണ്ടാകില്ലെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ആന്‍ഡ്രൂവിന്റെ പൊതുജീവിതം എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ രാജകുടുംബത്തിലെ മുന്‍നിര അംഗങ്ങള്‍ തീരുമാനമെടുത്തതായി റിപ്പോര്‍ട്ട് പുറത്തുവരുന്നതിനിടെയാണ് കൂടുതല്‍ നാണക്കേട് ഒഴിവാക്കി അന്വേഷണം അവസാനിപ്പിച്ചത്.