കെന്റിലെ മലയാളികള്‍ തങ്ങള്‍ക്ക് പ്രിയപ്പെട്ട മോഹന്‍ ചേട്ടന് (മോഹന്‍ ദാസ്) വേദനയോടെ വിട നല്‍കി.ഡിസംബര്‍ അവസാനമാണ് മോഹന്‍ദാസിന്റെ പെട്ടെന്നുള്ള മരണം. കുടുംബവും ബന്ധുക്കളും എല്ലാം നാട്ടിലായതിനാല്‍ ആചാര പ്രകാരം തൃശൂരിലെ മായന്നൂരിലെ വീട്ടില്‍ കര്‍മ്മങ്ങള്‍ നടത്തണമെന്ന് തീരുമാനിച്ചതോടെയാണ് മലയാളി കൂട്ടായ്മ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി തുടങ്ങിയത്.
കോവിഡ് പ്രതിസന്ധിയിലും പിന്നോട്ട് പോകാതെ കെന്റിലെ മെയ്ഡ്‌സ്‌റ്റോണ്‍ മലയാളി കൂട്ടായ്മ എല്ലാത്തിനും മുന്നിലുണ്ടായി. അടുത്ത ബന്ധുക്കള്‍ അരികില്ലെങ്കിലും മലയാളി സമൂഹത്തിലെ ഓരോ അംഗങ്ങളും അദ്ദേഹത്തിന്റെ ബന്ധുക്കളായി. വേദനയോടെ എല്‍സ്‌ഫോഡ് ഡി്‌റെന്‍ കമ്യൂണിറ്റി സെന്ററില്‍ വിടവാങ്ങല്‍ ചടങ്ങു നടത്തി.
സഹോദരനോടുള്ള അടുപ്പമായിരുന്നു മോഹന്‍ദാസിനോട് പലര്‍ക്കും. വീടുകളിലെ പെയ്ന്റിങ് ഉള്‍പ്പെടെ ചെറിയ ജോലികള്‍ ചെയ്യാനും ഏതു സമയം വിളിച്ചാലും സഹായത്തിനും മോഹന്‍ ചേട്ടന്‍ എപ്പോഴും ഉണ്ടായിരുന്നു. സൗമ്യനും പുഞ്ചിരിയോടെ എല്ലാത്തിനേയും സമീപിക്കുന്ന വ്യക്തിയുമാണ് അദ്ദേഹം. ഒരു കുടുംബം പോലെ ഏവരും ചടങ്ങില്‍ പങ്കെടുത്തു.
മകളുടെ വിവാഹം ഉള്‍പ്പെടെ കാര്യങ്ങളില്‍ സുഹൃത്തുക്കള്‍ ഇദ്ദേഹത്തിന് സഹായമായി ഉണ്ടായിരുന്നു.
നാട്ടിലെത്തുന്ന മൃതദേഹം കുടുംബം ഏറ്റുവാങ്ങി ഹിന്ദു മത ആചാര പ്രകാരം സംസ്‌കരിക്കും. രണ്ടു പതിറ്റാണ്ടോളം ഏകനായി ജീവിച്ച അദ്ദേഹം ഒടുവില്‍ വിടപറഞ്ഞിരിക്കുകയാണ്.