ഒമിഡ് സ്‌കോബി എഴുതിയ 'ദി എന്‍ഡ് ഗെയിം' എന്ന പുസ്തകത്തിലെ ആരോപണങ്ങള്‍ക്ക് എതിരെ രാജാവ് നടപടിക്ക് ഒരുങ്ങുന്നു. പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയ ആരോപണങ്ങള്‍ ഗുരുതരമായി കണക്കാക്കിയാണ് ചാള്‍സ് രാജാവിന്റെ നീക്കം. മുതിര്‍ന്ന ഉപദേശകരുമായി ചര്‍ച്ച നടത്തിയ ശേഷം ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുമെന്നാണ് വിവരം.
ചാള്‍സ് രാജാവിനെയും, വെയില്‍സ് രാജകുമാരി കെയ്റ്റ് മിഡില്‍ടണെയും വംശവെറിയന്‍മാരായി പുസ്തകം ചിത്രീകരിച്ചതാണ് പ്രശ്‌നം വഷളാക്കുന്നത്. ആര്‍ച്ചി രാജകുമാരന്റെ തൊലിയുടെ നിറത്തെ കുറിച്ച് ആശങ്ക അറിയിച്ച രണ്ട് മുതിര്‍ന്ന രാജകുടുംബാംഗങ്ങള്‍ ഇവരാണെന്നാണ് പുസ്തകത്തിന്റെ ഡച്ച് പതിപ്പില്‍ കുറിച്ചിരുന്നത്. ഇതോടെയാണ് ബക്കിംഗ്ഹാം കൊട്ടാരം എല്ലാ വഴികളും ആലോചിക്കുന്നത്. നിയമനടപടി ഉള്‍പ്പെടെ ഇതില്‍ പെടുന്നുണ്ട്.
എന്നാല്‍ പരിഭാഷയില്‍ വന്ന പിശക് മാത്രമായി ഇതിനെ അവതരിപ്പിക്കുന്ന എഴുത്തുകാരന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ വിസമ്മതിക്കുകയാണ്. മുന്‍പ് ചാള്‍സ് രാജാവിന് മെഗാന്‍ മാര്‍ക്കിള്‍ അയച്ച കത്തുകളില്‍ ഈ കുടുംബാംഗങ്ങളെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. എഴുത്തുകാരന്‍ ഒമിഡ് സ്‌കോബിയ്ക്ക് മെഗാന്‍ ഈ വിവരങ്ങള്‍ ചോര്‍ത്തിയതായുള്ള വാദങ്ങള്‍ ഇവരുമായി അടുത്ത വൃത്തങ്ങള്‍ തള്ളിക്കളഞ്ഞു.
ഈ ഘട്ടത്തില്‍ ബക്കിംഗ്ഹാം കൊട്ടാരം കത്ത് ചോര്‍ത്തിയതിനെ കുറിച്ച് ആഭ്യന്തര അന്വേഷണവും ആരംഭിച്ചതായാണ് വിവരം. വ്യക്തിപരമായി അയച്ച കത്തിലെ ഉള്ളടക്കം വിരലില്‍ എണ്ണാവുന്നവര്‍ക്ക് മാത്രമാണ് അറിവുള്ളത്. അബദ്ധത്തില്‍ ചോര്‍ന്നതായി പറയപ്പെടുന്ന വിവരങ്ങള്‍ മനഃപ്പൂര്‍വ്വം ഉള്‍പ്പെടുത്തിത് പുസ്തക വില്‍പ്പനയെ സഹായിക്കാനാണെന്ന ആരോപണങ്ങള്‍ സ്‌കോബിയും തള്ളിയിട്ടുണ്ട്.