വീക്കെന്‍ഡിലേക്ക് കടക്കുമ്പോള്‍ രാജ്യത്ത് മഞ്ഞുവീഴ്ച കൂടുതല്‍ രൂക്ഷമാകും. താപനില രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ -11 സെല്‍ഷ്യസിലേക്ക് താഴുമെന്നാണ് മുന്നറിയിപ്പ്. സെന്‍ഡ്രല്‍, സതേണ്‍ ഇംഗ്ലണ്ടിലും, സൗത്ത് വെയില്‍സിലും ഏതാനും സെന്റിമീറ്റര്‍ മഞ്ഞ് വീഴുമെന്നാണ് കാലാവസ്ഥാ പ്രവചകര്‍ വ്യക്തമാക്കുന്നത്. തിങ്കളാഴ്ചയോടെ മഞ്ഞുവീഴ്ച വ്യാപകമാകുകയും, ജനജീവിതം സ്തംഭിക്കുന്ന നിലയിലേക്ക് മാറാനും സാധ്യതയുണ്ട്.
സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങളില്‍ താപനില -10 സെല്‍ഷ്യസ് വരെ താഴാന്‍ സാധ്യത നിലനില്‍ക്കുന്നതായി മെറ്റ് ഓഫീസ് പ്രവചിക്കുന്നു. പൂജ്യത്തിന് താഴേക്ക് താപനില വ്യാപകമായി നിലനില്‍ക്കുമെന്നും സൂചനയുണ്ട്. രാവിലെ അബെര്‍ദീന്‍ഷയറില്‍ -11 സെല്‍ഷ്യസ് വരെയും, പ്രാദേശിക വെയില്‍സില്‍ -8 സെല്‍ഷ്യസ് വരെയും താപനില രേഖപ്പെടുത്തും.
വെള്ളിയാഴ്ച ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത് കംബ്രിയയിലെ ഷാപ്പിലാണ്, -9.4 സെല്‍ഷ്യസ്. മാര്‍ച്ച് മുതലുള്ള യുകെയിലെ ഏറ്റവും താഴ്ന്ന താപനിലയാണ് ഇത്. വിന്ററിന്റെ ആദ്യ ദിനത്തില്‍ തന്നെ യുകെയിലേക്ക് തണുപ്പ് വീശിയടിച്ചു. കൊടുംതണുപ്പ് വ്യാപകമായതോടെ യുകെയുടെ പല ഭാഗങ്ങളിലും ക്രിസ്മസ് പരിപാടികള്‍ റദ്ദാക്കി.
ക്രിസ്മസ് ലൈറ്റ് ഓണാക്കല്‍, വെടിക്കെട്ട്, പാര്‍ക്ക് റണ്‍, സ്‌പോര്‍ട്ടിംഗ് പരിപാടികള്‍ എന്നിങ്ങനെ പല ആഘോഷ സീസണ്‍ ചടങ്ങുകളും റദ്ദായിട്ടുണ്ട്. ഇന്ന് രാവിലെ 10 വരെ മെറ്റ് ഓഫീസ് പുറപ്പെടുവിച്ച മഞ്ഞ ജാഗ്രത നിലവിലുണ്ട്. നോര്‍ത്തേണ്‍ സ്‌കോട്ട്‌ലണ്ട്, കംബ്രിയ, സൗത്ത് വെസ്‌റ്റേണ്‍ സ്‌കോട്ട്‌ലണ്ട്, ഈസ്റ്റ് കോസ്റ്റ് ഇംഗ്ലണ്ട്, മുതല്‍ ലണ്ടന്‍, കെന്റ്, സൗത്ത് വെസ്റ്റ് എന്നിവിടങ്ങളിലും ജാഗ്രതാ നിര്‍ദ്ദേശം പ്രാബല്യത്തിലുണ്ട്. തിങ്കളാഴ്ചയോടെ കാലാവസ്ഥ കൂടുതല്‍ രൂക്ഷമായി മാറും.