ശൈത്യകാല കാലാവസ്ഥ ബ്രിട്ടനില്‍ പിടിമുറുക്കുമ്പോള്‍ രാജ്യം സ്തംഭനാവസ്ഥയിലേക്ക്. ലണ്ടന്‍ സ്റ്റാന്‍സ്‌റ്റെഡ് വിമാനത്താവളത്തില്‍ നിന്നുമുള്ള വിമാനങ്ങള്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി. തണുപ്പ് മൂലം ടെര്‍മിനലില്‍ നിന്നും വിമാനങ്ങള്‍ വൈകുകയോ, റദ്ദാക്കുകയോ ചെയ്യുന്നതിനാല്‍ യാത്രക്കിറങ്ങുന്നവര്‍ വിവരങ്ങള്‍ തേടണമെന്ന് എയര്‍പോര്‍ട്ട് ആവശ്യപ്പെട്ടു.
ഇതിനിടെ കംബ്രിയയില്‍ ശക്തമായ മഞ്ഞുവീഴ്ച മൂലം ഗുരുതര സംഭവം നടന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ യാത്രകള്‍ അനിവാര്യമെങ്കില്‍ മാത്രം ചെയ്യാനാണ് ഡ്രൈവര്‍മാര്‍ക്ക് നിര്‍ദ്ദേശമുള്ളത്. രാത്രിയോടെ 15 സെന്റിമീറ്റര്‍ വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്. താപനില -12 സെല്‍ഷ്യസിലേക്കാണ് താഴ്ന്നത്.
വീടില്ലാത്തതിനാല്‍ ഫ്രീസിംഗ് തണുപ്പില്‍ സ്വന്തം കാറില്‍ അഭയം തേടിയ മനുഷ്യന്‍ തണുത്ത് വിറങ്ങലിച്ച് മരിച്ച വാര്‍ത്തയും ബ്രിട്ടന് ഞെട്ടല്‍ സമ്മാനിക്കുകയാണ്. പേര് സ്ഥിരീകരിക്കാത്ത ഒരു പുരുഷനാണ് കാറില്‍ കിടന്ന് മരണപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹം കാറില്‍ നിന്നും പുറത്തെടുക്കാന്‍ ഫയര്‍ഫൈറ്റേഴ്‌സിന് മുറിച്ച് എടുക്കേണ്ടി വന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നോട്ടിംഗ്ഹാംഷയറിലെ ബീസ്റ്റണിലാണ് ദാരുണസംഭവം.
കംബ്രിയയില്‍ ശക്തമായ മഞ്ഞുവീഴ്ചയില്‍ റോഡുകളില്‍ മഞ്ഞ് നിറഞ്ഞതിനാലാണ് കംബ്രിയ പോലീസ് കൗണ്ടിയില്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രം യാത്ര മതിയെന്ന് നിര്‍ദ്ദേശിച്ചത്. അഞ്ച് മേഖലകളില്‍ ആംബര്‍ തണുപ്പ് ആരോഗ്യ മുന്നറിയിപ്പാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി പുറപ്പെടുവിച്ചിരിക്കുന്നത്. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, നോര്‍ത്ത് വെസ്റ്റ്, നോര്‍ത്ത് ഈസ്റ്റ്, യോര്‍ക്ക്ഷയര്‍, ഹംബര്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 5 വരെ തണുത്ത കാലാവസ്ഥയുടെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് സൂചന.