വിന്റര്‍ സീസണ്‍ എന്‍എച്ച്എസിനെ സംബന്ധിച്ച് ദുര്‍ഘടമായ മാസങ്ങളാണ്. രോഗികളുടെ എണ്ണമേറുന്നതിന് പുറമെ സേവനങ്ങള്‍ കൃത്യമായി ലഭ്യമാക്കാന്‍ സമ്മര്‍ദമേറുകയും ചെയ്യും. വെയ്റ്റിംഗ് ലിസ്റ്റുകള്‍ റെക്കോര്‍ഡ് തീര്‍ത്ത് നില്‍ക്കുമ്പോള്‍ എന്‍എച്ച്എസ് ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സമ്മതിച്ച് കഴിഞ്ഞു.
എന്‍എച്ച്എസില്‍ വിന്റര്‍ പ്രതിസന്ധി ഒഴിവാക്കാനാണ് പ്രഥമ മുന്‍ഗണന നല്‍കുന്നതെന്ന് വിക്ടോറിയ ആറ്റ്കിന്‍സ് വ്യക്തമാക്കി. സീസണിന് ആവശ്യമായ പ്ലാനിംഗ് മുന്‍കൂട്ടി വളരെ നേരത്തെ തന്നെ ആരംഭിച്ചതും ഇതിന് വേണ്ടിയാണെന്ന് ഹെല്‍ത്ത് സെക്രട്ടറി പറയുന്നു. 'അതിന് വേണ്ടിയാണ് എന്‍എച്ച്എസിന് റെക്കോര്‍ഡ് ഫണ്ടിംഗ് ഉറപ്പാക്കിയത്. എമര്‍ജന്‍സി കെയര്‍ ഉള്‍പ്പെടെ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പദ്ധതികളുണ്ട്', ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
ലോകത്തിലെ മറ്റ് ഹെല്‍ത്ത് സര്‍വ്വീസുകളെ പോലെ തന്നെ എന്‍എച്ച്എസും താപനില താഴുമ്പോള്‍ സമ്മര്‍ദത്തിലാകുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വിശദമാക്കി. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് വെയ്റ്റിംഗ് ലിസ്റ്റ് സെപ്റ്റംബര്‍ അവസാനത്തില്‍ 7.77 മില്ല്യണില്‍ എത്തിച്ചേര്‍ന്നിരുന്നു. ഇതില്‍ 6.5 മില്ല്യണ്‍ രോഗികളാണുള്ളത്.
നാല് വര്‍ഷം മുന്‍പത്തെ അപേക്ഷിച്ച് ജിപിമാരുടെ എണ്ണത്തില്‍ 761 പേരുടെ കുറവും നേരിടുന്നു. ഹൃദയാഘാതവും, സ്‌ട്രോക്കും നേരിട്ട രോഗികളുടെ അരികിലെത്താന്‍ ആംബുലന്‍സുകള്‍ക്ക് 42 മിനിറ്റെങ്കിലും വേണ്ടിവരുന്നുണ്ട്. ഇത് ലക്ഷ്യമിട്ട സമയത്തിന്റെ ഇരട്ടിയാണ്. സമരങ്ങള്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റ് വര്‍ദ്ധനവില്‍ സുപ്രധാന പങ്കുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി ചൂണ്ടിക്കാണിച്ചു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ 1.1 മില്ല്യണ്‍ അപ്പോയിന്റ്‌മെന്റുകളാണ് റീഷെഡ്യൂള്‍ ചെയ്യേണ്ടി വന്നത്. അതുകൊണ്ട് തന്നെ ഡോക്ടര്‍മാരുടെ സമരങ്ങളെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് ഒഴിവായാല്‍ രോഗികള്‍ക്ക് ചികിത്സ ലഭിക്കും, ആറ്റ്കിന്‍സ് പറഞ്ഞു.