'ഇത് മതി, എല്ലാം കൊണ്ടും തൃപ്തിയായി'- ഇതാണ് ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി നിയമപരമായ കുടിയേറ്റത്തെ കുറിച്ച് സഭയില്‍ പറഞ്ഞ വാക്കുകള്‍. റെക്കോര്‍ഡ് വേഗത്തില്‍ കുതിക്കുന്ന നെറ്റ് മൈഗ്രേഷന്‍ രാജ്യത്തിന്റെ സകല മേഖലകളെയും സമ്മര്‍ദത്തിലാക്കുന്നതിന് പുറമെ ഭരണപക്ഷമായ ടോറികളെയും തെരഞ്ഞെടുപ്പില്‍ ശ്വാസം മുട്ടിക്കുമെന്ന സൂചനയുണ്ട്. ഈ ഘട്ടത്തില്‍ വിവിധ മേഖലകളില്‍ ക്ലെവര്‍ലി പ്രഖ്യാപിച്ച പദ്ധതികള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങിനെയെന്ന് പരിശോധിക്കാം.
ആശ്രിതര്‍ക്ക്/ കുടുംബാംഗങ്ങള്‍ക്ക് വിലക്ക്:
കെയര്‍ ജോലിക്കാര്‍ കുടുംബാംഗങ്ങളെ ബ്രിട്ടനിലേക്ക് കൊണ്ടുവരുന്നതിന് പരിപൂര്‍ണ്ണ വിലക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നെറ്റ് മൈഗ്രേഷനിലേക്ക് പ്രധാന സംഭാവന നല്‍കുന്ന വഴിയാണ് ഇത്. ഈ നടപടി മാത്രം ഉണ്ടെങ്കില്‍ 1 ലക്ഷം പേരുടെ വരവ് തടയാമെന്നാണ് കണക്കുകൂട്ടല്‍. കഴിഞ്ഞ സെപ്റ്റംബര്‍ വരെ ഒരു വര്‍ഷത്തിനിടെ 1 ലക്ഷം കെയര്‍ വര്‍ക്കേഴ്‌സാണ് എത്തിയതെങ്കില്‍ ഇവര്‍ക്കൊപ്പം 120,000-ഓളം ആശ്രിതരാണ് എത്തിയത്.
വിദേശ ജീവനക്കാര്‍ക്ക് നല്‍കുന്ന ശമ്പളം:
വിദേശജോലിക്കാര്‍ക്ക് നല്‍കുന്ന ശമ്പളത്തില്‍ രണ്ട് പ്രധാന മാറ്റങ്ങളാണ് വരുത്തുന്നത്. വര്‍ക്ക് വിസ ലഭിക്കാനുള്ള മിനിമം സാലറി പരിധി 12,500 പൗണ്ടില്‍ നിന്നും 38,700 പൗണ്ടിലേക്ക് വര്‍ദ്ധിപ്പിച്ചതാണ് ഇതില്‍ ആദ്യത്തേത്. ഇതോടെ വിദേശ ജോലിക്കാരെ ഇറക്കുമതി ചെയ്യുന്നത് ബ്രിട്ടീഷ് ബിസിനസ്സുകള്‍ക്ക് ലാഭമല്ലാതായി മാറും.
ലേബര്‍ ക്ഷാമം നേരിടുന്ന മേഖലകള്‍ക്ക് മിനിമം സാലറി 20% ഡിസ്‌കൗണ്ട് ചെയ്ത് നല്‍കാന്‍ അനുവദിച്ച നിബന്ധന റദ്ദാക്കുന്നതാണ് രണ്ടാമത്തേത്.
കെയര്‍ ജോലിക്കാര്‍ക്ക് ഇളവ്:
ശമ്പള നടപടികളില്‍ കെയര്‍ ജോലിക്കാര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്. കെയര്‍ ഹോമില്‍ ലേബര്‍ ക്ഷാമം വര്‍ദ്ധിപ്പിക്കാതിരിക്കാനാണ് ഇത്. എന്നാല്‍ ഡിപ്പന്‍ഡന്റ്‌സിനെ കൊണ്ടുവരാന്‍ താല്‍പര്യമില്ലാത്ത കെയര്‍ വര്‍ക്കര്‍മാര്‍ക്ക് മാത്രമാണ് ഇനി ഗുണം ലഭിക്കുക.
വിദേശ പങ്കാളികളും, ബന്ധുക്കളും:
വിദേശത്ത് നിന്നും ബന്ധുക്കളെ കൊണ്ടുവരാന്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ഫാമിലി വിസ വേണം. ഇതിനുള്ള മിനിമം സാലറിയും 38,700 പൗണ്ടിലേക്ക് ഉയര്‍ത്തി.
ഗ്രാജുവേറ്റ് വിസാ റൂട്ടില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബന്ധുക്കളെ കൊണ്ടുവരുന്നതിന് നേരത്തെ പ്രഖ്യാപിച്ച വിലക്ക് അടുത്ത മാസം നിലവില്‍ വരും. ഇതോടെ 140,000 പേരുടെ വരവ് കുറയുമെന്നാണ് കണക്കാക്കുന്നത്. ഇമിഗ്രേഷന്‍ നിയന്ത്രണത്തില്‍ പ്രഖ്യാപനങ്ങള്‍ അല്‍പ്പം വൈകിയെങ്കിലും തെരഞ്ഞെടുപ്പിന് മുന്‍പ് ഫലം കാണുമെന്നാണ് പ്രധാനമന്ത്രി ഋഷി സുനാകിന്റെ പ്രതീക്ഷ.