യുകെയില്‍ പ്രവേശിക്കുന്ന കുടിയേറ്റ ജോലിക്കാരുടെയും, ഡിപ്പന്‍ഡന്റ്‌സിനെയും വെട്ടിക്കുറയ്ക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഹോം സെക്രട്ടറി ജെയിംസ് ക്ലെവര്‍ലി പ്രഖ്യാപിച്ച പദ്ധതികള്‍ എന്‍എച്ച്എസിനും, സോഷ്യല്‍ കെയര്‍ മേഖലയ്ക്കും പാരയാകുമെന്ന് മുന്നറിയിപ്പ്. വിദേശ ജോലിക്കാരെ ഈ മേഖലകളില്‍ ജോലിക്ക് എടുക്കുന്നത് കൂടുതല്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസ മിനിമം സാലറി പരിധി 38,700 പൗണ്ടായാണ് ഹോം സെക്രട്ടറി വര്‍ദ്ധിപ്പിച്ചത്. ഈ നീക്കങ്ങളിലൂടെ നെറ്റ് മൈഗ്രേഷന്‍ പ്രതിവര്‍ഷം 300,000 കുറയ്ക്കാമെന്നാണ് ഗവണ്‍മെന്റ് കണക്കാക്കുന്നത്. ഇമിഗ്രേഷന്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ പരാജയപ്പെടുന്നതായി മുദ്ര ചാര്‍ത്തുമെന്ന് വന്നതോടെയാണ് ഋഷി സുനാക് കര്‍ശന നടപടികള്‍ക്ക് പച്ചക്കൊടി വീശിയത്.
എന്നാല്‍ സമ്മര്‍ദത്തിലായ ഹെല്‍ത്ത് മേഖലയെ കൂടുതല്‍ പ്രശ്‌നങ്ങളിലേക്കും, ദീര്‍ഘ ഭാവിയില്‍ രാജ്യത്തിന്റെ വളര്‍ച്ചയെയും ഇത് ബാധിക്കുമെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സോഷ്യല്‍ കെയര്‍ ജോലിക്കാര്‍ക്ക് ഇനി ബന്ധുക്കളെയും, ആശ്രിതരെയും കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് ക്ലെവെര്‍ലിയുടെ പ്രഖ്യാപനം. താരതമ്യേന കടുപ്പം കുറഞ്ഞ നിയന്ത്രണങ്ങളാണ് ഡൗണിംഗ് സ്ട്രീറ്റ് പ്രഖ്യാപിക്കാന്‍ ഉദ്ദേശിച്ചതെങ്കിലും ടോറി ബാക്ക്‌ബെഞ്ചും, ഇമിഗ്രേഷന്‍ മന്ത്രി റോബര്‍ട്ട് ജെന്റിക്കും സമ്മര്‍ദം ചെലുത്തിയതോടെയാണ് മനംമാറ്റം സംഭവിച്ചത്.
നിലവില്‍ ഇംഗ്ലണ്ടില്‍ 152,000 കെയര്‍ വര്‍ക്കര്‍ വേക്കന്‍സികളുണ്ടെന്നാണ് കണക്ക്. വിദേശ ജീവനക്കാര്‍ കുറഞ്ഞാല്‍ അന്തേവാസികള്‍ക്ക് ഗുണനിലവാരം കുറഞ്ഞ, ചില ഘട്ടങ്ങളില്‍ അപകടകരമായ കെയര്‍ നല്‍കേണ്ടി വരും. സര്‍ക്കാര്‍ നീക്കം വിദേശ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് തടസ്സം സൃഷ്ടിക്കുമെന്ന് കെയര്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ ഗ്രീന്‍ പറഞ്ഞു.
ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ വിദേശ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ജോലിക്കാര്‍ക്ക് 143,990 വിസകളാണ് അനുവദിച്ചത്. ഇവര്‍ 173,896 ഡിപ്പന്‍ഡന്റ്‌സിനെയും കൊണ്ടുവന്നു. ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് ചില കമ്പനികള്‍ ലാഭത്തില്‍ വിദേശ ജോലിക്കാരെ കൊണ്ടുവരാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെ ഇത് റദ്ദാക്കണമെന്ന് മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി നിര്‍ദ്ദേശിച്ചിരുന്നു.