ഹാക്ക്‌നിയില്‍ ഒരു സ്ത്രീ വെടിയേറ്റ് മരിക്കുകയും, രണ്ട് പേരെ വെടിയേറ്റ നിലയില്‍ പരുക്കുകളോടെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്ത സംഭവത്തില്‍ കൊലപാതക കേസ് അന്വേഷണം ആരംഭിച്ച് പോലീസ്. ഈസ്റ്റ് ലണ്ടനിലെ വൈന്‍ ക്ലോസിലുള്ള വീട്ടിലാണ് വൈകുന്നേരം 6.30-ഓടെ വെടിയൊച്ച കേട്ടതായ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എമര്‍ജന്‍സി സര്‍വ്വീസുകള്‍ കുതിച്ചെത്തിയത്.
വെടിയേറ്റ 42 വയസ്സുകാരിയെ രക്ഷപ്പെടുത്താന്‍ പാരാമെഡിക്കുകള്‍ ശ്രമിച്ചെങ്കിലും വിഫലമായി. ഇവര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. 16 വയസ്സുള്ള കൗമാരക്കാരനും, 20 വയസ്സുള്ള യുവാവുമാണ് പരുക്കുകളോടെ ആശുപത്രിയിലുള്ളത്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതിയെ പിടികൂടാനുള്ള ഊര്‍ജ്ജിത അന്വേഷണത്തിലാണ് പോലീസ്.
അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണുള്ളതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കൊല്ലപ്പെട്ട സ്ത്രീയുടെ ബന്ധുക്കളെ വിവരം അറിയിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണെന്ന് സ്‌കോട്ട്‌ലണ്ട് യാര്‍ഡ് അറിയിച്ചു. സംഭവത്തിന് പിന്നിലുള്ളവരെ നീതിന്യായ വ്യവസ്ഥയ്ക്ക് മുന്നില്‍ കൊണ്ടുവരുമെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് വിക്കി ടണ്‍സ്റ്റാള്‍ പ്രതികരിച്ചു.
അക്രമസംഭവത്തില്‍ ഒരു സ്ത്രീക്കാണ് ജീവഹാനി നേരിട്ടതെന്ന് അവര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ബുദ്ധിമുട്ടേറിയ ഈ സമയത്ത് കുടുംബത്തെ അനുശോചനം അറിയിച്ച സൂപ്രണ്ട് തോക്ക് കുറ്റകൃത്യങ്ങള്‍ക്ക് ലണ്ടന്‍ തെരുവുകളില്‍ സ്ഥാനമില്ലെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.