നിയമപരമായ ഇമിഗ്രേഷന്‍ വ്യവസ്ഥകളില്‍ ബ്രിട്ടന്‍ പുതിയ കര്‍ശന നടപടികള്‍ കൈക്കൊണ്ടത് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലും, ബിസിനസ്സ് അസോസിയേഷനുകളെയും ഞെട്ടിച്ചതിനൊപ്പം, ആശങ്കയിലുമാക്കിയിട്ടുണ്ട്. യുകെ സമ്പദ് വ്യവസ്ഥയ്ക്ക് വന്‍തോതില്‍ പണം നല്‍കുന്ന ഇന്ത്യന്‍ പ്രൊഫഷണലുകളും, വിദ്യാര്‍ത്ഥികളും മറ്റ് ഇടങ്ങളിലേക്ക് പോകാന്‍ വഴിയൊരുങ്ങുമെന്നാണ് മുന്നറിയിപ്പ്.
സ്‌കില്‍ഡ് വര്‍ക്കര്‍ വിസയ്ക്കുള്ള മിനിമം സാലറി പരിധി 26,200 പൗണ്ടില്‍ നിന്നും 38,700 പൗണ്ടിലേക്ക് ഉയര്‍ത്തി കുടിയേറ്റം വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികള്‍ ഹോം സെക്രട്ടറി ജെയിംസ് ക്ലെവെര്‍ലി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഗ്രാജുവേറ്റ് വിസാ റൂട്ട് പുനഃപ്പരിശോധിക്കാനും, വിദേശ കെയര്‍ ജീവനക്കാര്‍ ബന്ധുക്കളെ കൊണ്ടുവരുന്നതിനും, ഷോര്‍ട്ടേജ് ഒക്യുപേഷന്‍ ലിസ്റ്റ് റദ്ദാക്കാനും, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കാനുമുള്ള നടപടികള്‍ ഇതില്‍ പെടുന്നു.
25% ഡിപ്പന്‍ഡന്റ്‌സ് മാത്രമാണ് ജോലിയിലുള്ളതെന്ന് ക്ലെവെര്‍ലി ചൂണ്ടിക്കാണിക്കുന്നു. ഹോം ഓഫീസ് കണക്കുകള്‍ പ്രകാരം വര്‍ക്ക് വിസ ലഭിച്ച ഡിപ്പന്‍ഡന്റ്‌സിലെ 38% പേരും ഇന്ത്യന്‍ പൗരന്‍മാരാണ്. വിദേശ സ്‌കില്‍ഡ് ജോലിക്കാരുടെ മിനിമം സാലറി വര്‍ദ്ധിപ്പിച്ച യുകെ നടപടി ഇന്ത്യന്‍ പ്രൊഷണലുകളെ ലോകത്തെ മറ്റ് സമ്പദ് വ്യവസ്ഥകളിലേക്ക് ഓടിക്കുമെന്ന് ഫിക്കി സെക്രട്ടറി ജനറല്‍ ശൈലേഷ് പഥക് പറഞ്ഞു.
'യുകെയില്‍ ബിസിനസ്സ് ചെയ്യുന്ന ഇന്ത്യന്‍ കമ്പനികളെ ഇത് നിരുത്സാഹപ്പെടുത്തും. ഈ കമ്പനികളില്‍ ബ്രിട്ടീഷുകാരും, ഇന്ത്യന്‍ പ്രൊഫഷണലുകളുമുണ്ട്. യുകെയിലെ ഗുരുതര സ്‌കില്‍ ക്ഷാമത്തില്‍ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ മികച്ച സംഭാവന നല്‍കുന്നുണ്ട്. ഇത് ഭാവിയില്‍ തുടരണമെന്നില്ല', പഥക് വ്യക്തമാക്കി.
അടുത്ത പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ഗ്രാജുവേറ്റ് റൂട്ടില്‍ ക്യാപ്പ് ഏര്‍പ്പെടുത്തുമെന്ന ആശങ്കയും ശക്തമാണ്. അതേസമയം കെയര്‍ വര്‍ക്കര്‍മാര്‍ ആശ്രിതരെ കൊണ്ടുവരുന്നതിനാണ് വിലക്കുള്ളത്. ഈ നിബന്ധന ഇന്ത്യന്‍ ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.