CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 50 Minutes 11 Seconds Ago
Breaking Now

'ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരന്‍', രാജി അല്ലെങ്കില്‍ ഇംപീച്‌മെന്റ്; വസതിയില്‍ പണം കണ്ടെത്തിയ സംഭവത്തില്‍ ജഡ്ജിക്കെതിരെ ആഭ്യന്തര സമിതി റിപ്പോര്‍ട്ട്

ജസ്റ്റിസിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ആഭ്യന്തര സമിതിയാണ് ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ആഭ്യന്തര സമിതി. ജസ്റ്റിസ് യശ്വന്ത് വര്‍മ്മ കുറ്റക്കാരനാണെന്നും ജഡ്ജിയുടെ വീട്ടില്‍ കണക്കില്‍പ്പെടാത്ത പണമുണ്ടായിരുന്നു എന്നുമാണ് ആഭ്യന്തര സമിതി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മ രാജി വയ്‌ക്കേണ്ടതായി വരും. രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ റിപ്പോര്‍ട്ട് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുകയും ജസ്റ്റിസിനെ ഇമ്പീച്ച് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്യും.

ജസ്റ്റിസിനെതിരെയുള്ള ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ രൂപീകരിച്ച ആഭ്യന്തര സമിതിയാണ് ചീഫ് ജസ്റ്റിസ് സഞ്ചീവ് ഖന്നയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മാര്‍ച്ച് 25ന് അന്വേഷണം ആരംഭിച്ച സമിതി മെയ് നാലിനാണ് ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസിന് സമര്‍പ്പിച്ചത്.

ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സഞ്ജയ് അറോറ, ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി എന്നിവരുള്‍പ്പെടെ 50 ലധികം പേരുടെ മൊഴികള്‍ അന്വേഷണ സമിതി രേഖപ്പെടുത്തി. ഹോളി ദിനത്തില്‍ ജഡ്ജി യശ്വന്ത് വര്‍മ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടിത്തം അണയ്ക്കാന്‍ എത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ 15 കോടി രൂപ കണ്ടെത്തിയെന്നായിരുന്നു ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ട്.

വാര്‍ത്ത വലിയ ചര്‍ച്ചയായതോടെ ജഡ്ജിയുടെ വസതിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് പണം കണ്ടെത്തിയിട്ടില്ലെന്നും15 മിനിറ്റിനുള്ളില്‍ തീയണച്ചുവെന്നും സ്റ്റേഷനറി സാധനങ്ങള്‍ക്കാണ് തീപിടിച്ചതെന്നും വിശദീകരിച്ച് ഫയര്‍ഫോഴ്‌സ് മേധാവി അതുല്‍ ഗാര്‍ഗ് രംഗത്ത് വന്നിരുന്നു. എന്നാല്‍ യശ്വന്ത് വര്‍മ്മയുടെ വീട്ടില്‍ പണം നിറച്ച ചാക്കുകള്‍ ഉണ്ടായിരുന്നെന്ന് ഡല്‍ഹി പൊലീസ്, അഗ്‌നിശമന സേന എന്നിവയിലെ അംഗങ്ങള്‍ പിന്നീട് മൊഴി നല്‍കിയത് സംഭവത്തില്‍ വഴിത്തിരിവായി.

പിന്നാലെയാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തിലാണ് സുപ്രീംകോടതി അന്വേഷണത്തിന് ആഭ്യന്തര സമിതിയെ നിയോഗിച്ചത്. സംഭവത്തെ തുടര്‍ന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലവും മാറ്റി.




കൂടുതല്‍വാര്‍ത്തകള്‍.