ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ നടത്തിയ കനത്ത ആക്രമണം ഇറാന്റെ ആണവപ്ലാന്റുകളെ ലക്ഷ്യമിട്ടാണെന്ന് ഇസ്രയേല്‍ സൈനിക വിഭാഗമായ ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സ് (ഐഡിഎഫ്). ഇറാന്റെ ആണവ പ്ലാന്റുകള്‍ ഉള്‍പ്പെടെ ഡസന്‍ കണക്കിന് സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണം നടത്തിയെന്നാണ് ഐഡിഎഫ് അവകാശപ്പെടുന്നത്. 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' ആണ് ഇറാനെതിരെ നടക്കുന്നതെന്നും ഇസ്രയേല്‍ മാധ്യമങ്ങള്‍ പറയുന്നു.
അതേസമയം ആക്രമണത്തിനു പിന്നാലെ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഓപ്പറേഷന്‍ റൈസിങ് ലയണിനു പകരമായി ഇറാന്റെ പ്രത്യാക്രമണം ഉണ്ടായേക്കുമെന്നും സൂചനയുണ്ട്. അതേസമയം തങ്ങളുടെ ആക്രമണം ഇറാനിലെ ജനതയ്ക്കു നേരെയല്ലെന്നും ഇറാനിലെ ഏകാധിപത്യ സര്‍ക്കാരിനെതിരെയാണെന്നും നെതന്യാഹു പറഞ്ഞു. ഓപ്പറേഷന്‍ തുടരുമെന്നും വരുംദിവസങ്ങളില്‍ ആക്രമണം വ്യാപകമാക്കുമെന്നും നെതന്യാഹു അറിയിച്ചിട്ടുണ്ട്. ടെഹ്‌റാന്‍ ആക്രമണത്തിനു പിന്നാലെ ഇറാഖ് തങ്ങളുടെ വ്യോമപാത അടച്ചു. ഇറാന്റെ പ്രധാന ആണവകേന്ദ്രമായ നടാന്‍സ് ആണവപ്ലാന്റും ഇസ്രയേല്‍ ആക്രമിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇസ്രയേല്‍ എയര്‍ഫോഴ്സ് വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇറാനെതിരെ നടന്ന ആക്രമണം എന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഓപ്പറേഷന്‍ പ്രതിരോധത്തിനായാണ്. ഞങ്ങളുടെ കുട്ടികളുടെ ഭാവിക്കു വേണ്ടിയാണ്. ഐഡിഎഫ് വലിയ തയാറെടുപ്പാണ് ആക്രമണത്തിനു വേണ്ടി നടത്തിയത്. പ്രതിരോധത്തിനു വേണ്ടിയുള്ള നടപടികളും ഐഡിഎഫിന്റെ ഭാഗത്തുനിന്ന് എടുത്തിട്ടുണ്ട് എന്ന് ഐഡിഎഫ് വക്താവ് അറിയിച്ചു.