അതിര്‍ത്തി പ്രതിരോധങ്ങളെ വീര്‍പ്പുമുട്ടിക്കാനും, വിഭാഗീയത വര്‍ദ്ധിപ്പിക്കാനുമായി അനധികൃത കുടിയേറ്റക്കാരെ യുകെയിലേക്ക് വഴിതിരിച്ചുവിടുന്നതിന് പിന്നില്‍ റഷ്യയെന്ന് മുന്നറിയിപ്പ്. വ്യാജ രേഖകള്‍ നല്‍കി മനുഷ്യക്കടത്ത് സംഘങ്ങളുടെ അരികിലേക്ക് ഇവരെ എത്തിക്കുന്നത് റഷ്യന്‍ പ്രസിഡന്റിന്റെ തന്ത്രമാണെന്നാണ് സുരക്ഷാ ശ്രോതസ്സുകളുടെ അവകാശവാദം.
ഈ വര്‍ഷം ഊതിവീര്‍പ്പിച്ച ബോട്ടുകളില്‍ കയറി 18,000-ലേറെ ആളുകളാണ് ബ്രിട്ടനിലെത്തിയത്. ചാനല്‍ കടത്ത് ദേശീയ സുരക്ഷാ പ്രതിസന്ധിയായി പ്രഖ്യാപിക്കണമെന്നാണ് പ്രതിപക്ഷ എംപിമാര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ബ്രിട്ടനെ അസ്ഥിരപ്പെടുത്താനുള്ള ഈ നീക്കത്തിന് പിന്നില്‍ വിദേശ ശക്തികള്‍ക്ക് പങ്കുണ്ടെന്നാണ് സണ്‍ റിപ്പോര്‍ട്ട്.
ദേശീയ സുരക്ഷയ്ക്ക് പ്രധാന വെല്ലുവിളിയാണ് അനധികൃത കുടിയേറ്റം സൃഷ്ടിക്കുന്നതെന്ന് നാറ്റോയും വ്യക്തമാക്കി. അതിനാല്‍ ആദ്യമായി അതിര്‍ത്തി സംരക്ഷണവും അംഗങ്ങളുടെ പ്രതിരോധ ചെലവുകളില്‍ ഉള്‍പ്പെടുത്താന്‍ നാറ്റോ ഉത്തരവിട്ടിട്ടുണ്ട്. 2018-ല്‍ കേവലം 299 കുടിയേറ്റക്കാര്‍ ചാനല്‍ കടന്ന സ്ഥാനത്ത് 2022 എത്തുമ്പോള്‍ 45,774 ആയാണ് കണക്കുകള്‍ ഉയര്‍ന്നത്.
ആയിരക്കണക്കിന് അഭയാര്‍ത്ഥി അപേക്ഷകരെയാണ് ഹോട്ടലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഇത് ടൗണുകളിലും, നഗരങ്ങളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ്. പലര്‍ക്കെതിരെയും ദേശീയ സുരക്ഷാ കുറ്റങ്ങളും, ബലാത്സംഗം ഉള്‍പ്പെടെ കേസുകളും എടുത്തിട്ടുണ്ട്. യൂറോപ്പിന് പുറത്തേക്ക് അനധികൃത കുടിയേറ്റക്കാരെ അയയ്ക്കാനുള്ള റുവാന്‍ഡ സ്‌കീം റദ്ദാക്കിയ ലേബര്‍ ഗവണ്‍മെന്റ് റെക്കോര്‍ഡ് കുതിപ്പിന് വഴിയൊരുക്കുകയാണ് ചെയ്തതെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ചൂണ്ടിക്കാണിച്ചു. ബ്രിട്ടന്‍ ബില്ല്യണുകള്‍ മുടക്കി ബോര്‍ഡര്‍ ഫോഴ്‌സിനെ നിയോഗിച്ച് നിരീക്ഷണം ശക്തിപ്പെടുത്തുമ്പോഴും അനധികൃത കുടിയേറ്റക്കാര്‍ വരുന്നത് നിസ്സഹായമായി നോക്കിനില്‍ക്കേണ്ട ഗതികേടാണ്.