ഭാരതാംബ വിവാദം തുടരുന്നതിനിടെ കേരള കാര്‍ഷിക സര്‍വകലാശാല ബിരുദസമര്‍പ്പണ ചടങ്ങില്‍ കൃഷി മന്ത്രി പി പ്രസാദിനെ പ്രശംസിച്ചു ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കഴിഞ്ഞ ജൂണ്‍ 5ന് രാജ്ഭവനിലെ ഭാര താംബ ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിനു ശേഷം ഗവര്‍ണറും മന്ത്രി പ്രസാദും ഒന്നിച്ചു വേദി പങ്കിടുന്ന ആദ്യ ചടങ്ങായിരുന്നു ഇത്.
എന്റെ വിദ്യാര്‍ത്ഥികള്‍ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുന്നു, അവരുടെ നേട്ടത്തിന്റെ ഈ സന്ദര്‍ഭത്തില്‍ ഇവിടെയെത്തിയില്ലെങ്കില്‍ അതെന്റെ പരാജയമാകുമെന്ന് അദ്ദേഹം കരുതി. അതാണ് നമ്മുടെ കൃഷിമന്ത്രിയുടെ മഹത്ത്വം -ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. വ്യാഴാഴ്ച തൃശ്ശൂരില്‍ നടന്ന കാര്‍ഷിക സര്‍വകലാശാലാ ബിരുദദാനച്ചടങ്ങ് നിര്‍വഹിച്ചശേഷം നടത്തിയ പ്രസംഗത്തില്‍ പലതവണ അദ്ദേഹം മന്ത്രിയെ പുകഴ്ത്തി.
ചടങ്ങില്‍ അടുത്തടുത്ത സീറ്റുകളിലാണ് ഇരുവരും ഇരുന്നത്. അധ്യക്ഷപ്രസംഗം കഴിഞ്ഞ് ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ മന്ത്രി പ്രസാദ് ഗവര്‍ണറെ തൊഴുതു. പിന്നീട് ഇരുവരും സൗഹൃദസംഭാഷണം നടത്തി. തുടര്‍ന്നായിരുന്നു ഗവര്‍ണറുടെ പ്രസംഗം.
'ബഹുമാനപ്പെട്ട പ്രോ ചാന്‍സലറും എന്റെ സുഹൃത്തുമായ പ്രസാദ് ജി' എന്ന ആമുഖ ത്തോടെ പ്രസംഗം ആരംഭിച്ച ഗവര്‍ണര്‍ ലണ്ടനില്‍ നിന്നാണു പ്രോ ചാന്‍സലര്‍ കുടിയായ മന്ത്രി ചടങ്ങിനെത്തിയതെന്ന് സൂചിപ്പിച്ച് അദ്ദേഹത്തെ പ്രശംസിച്ചു. ബിരുദസമര്‍പ്പണ ചടങ്ങ് തര്‍ക്കങ്ങള്‍ക്കു വേദിയാകാന്‍ പാടില്ലെന്നും വ്യക്തിപരമായ പ്രശ്‌നങ്ങളല്ല, ആശയപരമായ പ്രശ്‌നങ്ങളാണ് ഗവര്‍ണറുമായി ഉള്ളതെന്നും ചടങ്ങിനു ശേഷം മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.
പരിസ്ഥിതിദിനത്തില്‍ രാജ്ഭവനിലെ ചടങ്ങില്‍ ഭാരതാംബയുടെ ചിത്രം വച്ചതിന്റെ പേരില്‍ മന്ത്രി പി പ്രസാദ് ചടങ്ങ് ബഹിഷ്‌കരിച്ചത് വിവാദമായിരുന്നു. അതിനുശേഷം ഇരുവരും ഒരു വേദി ഒരുമിച്ച് പങ്കിടുന്നത് ആദ്യമായാണ്.