ഒരു ഉപതിരഞ്ഞെടുപ്പില്‍ വലതുമുന്നണി വിജയിച്ചപ്പോഴേക്കും സര്‍വ്വ മത വിഷജീവികളും മാളംവിട്ട് പുറത്തുവന്ന് തിമിര്‍ത്താടുകയാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബെന്യാമിന്റെ വിമര്‍ശനം. ശ്രദ്ധിച്ചാല്‍ കേരളത്തിന് കൊള്ളാമെന്നും ബെന്യാമിന്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ സൂംബ നടപ്പിലാക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശത്തിനെതിരെ സുന്നി, മുജാഹിദ് വിഭാഗങ്ങളുടെ വിവിധ സംഘടനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മതസംഘടനകളുടെ നിലപാടിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ ചര്‍ച്ചകള്‍ ചൂട് പിടിക്കുന്നിതിനിടെയാണ് ബെന്യാമിന്റെ പരാമര്‍ശം.
പോസ്റ്റിനെ പിന്തുണച്ചും വിമര്‍ശിച്ചും അഭിപ്രായങ്ങള്‍ രൂപപ്പെടുന്നുണ്ട്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇടകലര്‍ന്നുനടത്തുന്ന സൂംബ ധാര്‍മ്മികതയ്ക്ക് നിരയ്ക്കുന്നതല്ല, അല്‍പ്പവസ്ത്രം ധരിച്ചുള്ള തുള്ളലാണ് സൂംബ, സൂംബ പരിശീലിക്കുന്നത് കുട്ടികളെ ഡിജെ പാര്‍ട്ടിയിലേക്കും രാസലഹരി ഉപയോഗിക്കുന്നതിലേക്കും വരെ എത്തിക്കുന്നു എന്നതടക്കമുള്ള വാദങ്ങളാണ് വിസ്ഡം ഇസ്ലാമിക ഒര്‍ഗനൈസേഷനും സമസ്തയും എസ് വൈഎസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ മുന്നോട്ട് വെക്കുന്നത്.
ഏകപക്ഷീയമായി ഇത്തരം കാര്യങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫും അഭിപ്രായപ്പെട്ടിരുന്നു. ലഹരി വിരുദ്ധ ക്യാംപെയിന്റെ ഭാഗമായാണ് നമ്മുടെ സ്‌കൂളുകളില്‍ സൂംബ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്.