അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം അംഗീകരിച്ച് ഹമാസ്. ഗാസയില്‍ 60 ദിവസത്തെ വെടിനിര്‍ത്തലിനാണ് ഹമാസും അനുകൂല പ്രതികരണം നടത്തിയിരിക്കുന്നത്. മധ്യസ്ഥ ചര്‍ച്ചകളില്‍ പങ്കാളികളായ ഈജിപ്തിനെയും ഖത്തറിനെയും ഹമാസ് ഇക്കാര്യം അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
വെടിനിര്‍ത്തല്‍ നടപ്പാക്കുന്ന കാര്യത്തില്‍ അടിയന്തിര ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രസ്താവനയില്‍ ഹമാസ് അറിയിച്ചിട്ടുണ്ട്. ഇസ്രയേലും ഹമാസും തമ്മില്‍ ഒരു ആഴ്ചയ്ക്കുള്ളില്‍ വെടിനിര്‍ത്തല്‍ പ്രാവര്‍ത്തികമാവുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് പറഞ്ഞിരുന്നു. 60 ദിവസത്തെ വെടിനിര്‍ത്തല്‍ ഇസ്രയേല്‍ അംഗീകരിച്ചിരിക്കുന്നുവെന്നും ട്രംപ് പിന്നീട് വിശദീകരിച്ചിരുന്നു.
'ഈ സമയത്ത് യുദ്ധം അവസാനിപ്പിക്കാന്‍ ഞങ്ങള്‍ എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്യും. ഖത്തറിന്റെയും ഈജിപ്തിന്റെയും പ്രതിനിധികള്‍ ഈ അന്തിമ നിര്‍ദേശം ഹമാസിന് കൈമാറും. പശ്ചിമേഷ്യയുടെ നന്മയ്ക്കായി, ഹമാസ് ഈ കരാര്‍ അംഗീകരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അല്ലെങ്കില്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയേയുള്ളൂ''- എന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചത്.