CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 2 Seconds Ago
Breaking Now

എല്ലാത്തിനും ഉത്തരവാദികള്‍ അമേരിക്കയും ഇസ്രയേലും', നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഇറാന്‍ യുഎന്നിന് കത്തു നല്‍കി

12 ദിവസത്തെ സംഘര്‍ഷത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ തകര്‍ച്ചയുണ്ടായെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗച്ചി വ്യക്തമാക്കിയത്.

ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ തുടങ്ങി വെച്ചതിന്റെ  ഉത്തരവാദിത്വം അമേരിക്കക്കും ഇസ്രയേലിനുമാണെന്ന് അംഗീകരിക്കണമെന്ന് ഐക്യരാഷ്ട്ര സഭയോട് ഇറാന്‍. ഇറാനില്‍ നടത്തിയ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് അമേരിക്കയും ഇസ്രയേലും നഷ്ടപരിഹാരം നല്‍കണമെന്നും യുഎന്‍ സെക്രട്ടറി ജനറലിന് അയച്ച കത്തില്‍ ഇറാന്‍ വ്യക്തമാക്കി. ക്രിമിനല്‍ കുറ്റങ്ങള്‍ക്ക് നടപടി വേണമെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗച്ചി യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

12 ദിവസത്തെ സംഘര്‍ഷത്തില്‍ ആണവ കേന്ദ്രങ്ങള്‍ക്ക് വലിയ തകര്‍ച്ചയുണ്ടായെന്നാണ് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗച്ചി വ്യക്തമാക്കിയത്. നാറ്റന്‍സ്, ഫോര്‍ദോ, ഇസ്ഫഹാന്‍ എന്നീ ഇറാനിലെ ആണവ കേന്ദ്രങ്ങളാണ് തകര്‍ത്തത്. 12 ദിവസത്തെ സംഘര്‍ഷത്തില്‍ ഇറാനില്‍ 606 പേര്‍ കൊല്ലപ്പെടുകയും 5332പേര്‍ക്ക് പരിക്കേറ്റതായുമാണ് ഇറാന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. ഇസ്രയേല്‍ സൈനിക ഉദ്യോഗസ്ഥരടക്കം ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

12 ദിവസം നീണ്ടുനിന്ന സംഘര്‍ഷം തുടങ്ങിവെച്ചത് ഇസ്രയേലും അമേരിക്കയുമാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. ഇതോടൊപ്പം ഇറാനിലുണ്ടായ നാശനഷ്ടങ്ങള്‍ക്കുള്ള നഷ്ടപരിഹാരമടക്കമുള്ളതിന്റെ ഉത്തരവാദിത്വം ഈ രണ്ടു രാജ്യങ്ങളും ഏറ്റെടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. 

അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിന് ക്രൂരവും നീചവുമായ കുറ്റകൃത്യം നടത്തിയതിന്റെ ഉത്തരവാദിത്വം ആക്രമിച്ചവര്‍ക്കാണെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ നിലപാട് എടുക്കണമെന്നും ക്രിമിനല്‍ നടപടിയെടുക്കണമെന്നും ഇറാന്‍ ആവശ്യപ്പെട്ടു. പ്രകോപനമുണ്ടാക്കിയ സൈനിക തലവന്‍മാര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഇതില്‍ ഉത്തരവാദിത്വമുണ്ടെന്നും കത്തില്‍ ഇറാന്‍ ചൂണ്ടികാട്ടി.

ജൂണ്‍ 13ന് ഇറാന്റെ സൈനിക താവളങ്ങളും ആണവ കേന്ദ്രങ്ങളും മറ്റു സ്ഥലങ്ങളും ലക്ഷ്യമാക്കി ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയതോടെയാണ് 12 ദിവസം നീണ്ടുനിന്ന ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാരംഭിച്ചത്. സംഘര്‍ഷത്തിനിടെയുണ്ടായ അമേരിക്കയുടെ ആക്രമണം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരുന്നു. 

ഇറാന്റെ പ്രത്യാക്രമണത്തില്‍ ഇസ്രയേലിലെ 29പേര്‍ കൊല്ലപ്പെടുകയും 3400ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 24നാണ് ഇറാനും ഇസ്രയേലും തമ്മില്‍ വെടിനിര്‍ത്തലിന് ധാരണയായത്.

 




കൂടുതല്‍വാര്‍ത്തകള്‍.