CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 26 Seconds Ago
Breaking Now

ഇസ്രയേല്‍ ആക്രമണം: കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാര്‍ക്കും ആണവ ശാസ്ത്രജ്ഞര്‍ക്കും ദേശീയ ബഹുമതികളോടെ വിട നല്‍കി ഇറാന്‍

ശവസംസ്‌കാര ചടങ്ങുകളില്‍ തെരുവുകള്‍ ജനസാഗരമായതിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ ദേശീയ മാധ്യമം സംപ്രേക്ഷണം ചെയ്തു.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക കമാന്‍ഡര്‍മാരുടെയും ആണവ ശാസ്ത്രജ്ഞരുടെയും ശവസംസ്‌കാര ചടങ്ങില്‍ അണിനിരന്ന് പതിനായിരങ്ങള്‍. ഇറാന്‍ തലസ്ഥാനമായ തെഹ്‌റാനില്‍ നടന്ന ശവസംസ്‌കാര ചടങ്ങുകളില്‍ തെരുവുകള്‍ ജനസാഗരമായതിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ ദേശീയ മാധ്യമം സംപ്രേക്ഷണം ചെയ്തു. ശനിയാഴ്ച രാവിലെ പ്രദേശിക സമയം എട്ട് മണിക്ക് ആരംഭിച്ച ചടങ്ങില്‍ കറുത്ത വസ്ത്രം ധരിച്ചാണ് പതിനായിരക്കണക്കിന് വരുന്ന ഇറാനിയന്‍ പൗരന്മാര്‍ അണിനിരന്നത്. ഇറാനിയന്‍ പതാക വീശിയും കൊല്ലപ്പെട്ടവരുടെ ചിത്രങ്ങള്‍ വീശിയുമാണ് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തത്.

മധ്യ ടെഹ്റാനില്‍ നടന്ന ചടങ്ങുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങളില്‍ ഇറാനിയന്‍ പതാകകളില്‍ പൊതിഞ്ഞ ശവപ്പെട്ടികളും മരിച്ച കമാന്‍ഡര്‍മാരുടെ യൂണിഫോമിലുള്ള ഛായാചിത്രങ്ങളും ഉണ്ടായിരുന്നു. ഗാര്‍ഡിന്റെ ചീഫ് ജനറല്‍ ഹൊസൈന്‍ സലാമി, ഗാര്‍ഡിന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമിന്റെ തലവന്‍ ജനറല്‍ അമീര്‍ അലി ഹാജിസാദെ അടക്കമുള്ളവരുടെ ശവപ്പെട്ടികള്‍ തലസ്ഥാനത്തെ ആസാദി സ്ട്രീറ്റിലൂടെ ട്രക്കുകളില്‍ കൊണ്ടുപോകുമ്പോള്‍ 'അമേരിക്കയ്ക്ക് മരണം', 'ഇസ്രായേലിന് മരണം' എന്ന് ജനക്കൂട്ടം രോഷത്തോടെ മുദ്രാവാക്യം മുഴക്കിയെന്നാണ് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇറാനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ ആദ്യദിവസമാണ് സലാമിയും ഹാജിസാദെയും കൊല്ലപ്പെട്ടത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡിലെ മേജര്‍ ജനറലായ മുഹമ്മദ് ബാഗേരി, ഉന്നത ആണവ ശാസ്ത്രജ്ഞന്‍ മുഹമ്മദ് മെഹ്ദി ടെഹ്റാഞ്ചി എന്നിവരും ഇസ്രായേലി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഉന്നത കമാന്‍ഡര്‍മാരുടെ അടക്കം ആദ്യ പൊതു ശവസംസ്‌കാര ചടങ്ങുകളായിരുന്നു ശനിയാഴ്ച തെഹ്‌റാനില്‍ നടന്നത്. ചടങ്ങില്‍ 16 ശാസ്ത്രജ്ഞര്‍, 10 മുതിര്‍ന്ന കമാന്‍ഡര്‍മാര്‍, നാല് സ്ത്രീകള്‍, നാല് കുട്ടികള്‍ എന്നിവരുള്‍പ്പെടെ ആകെ 60 പേരുടെ പൊതു സംസ്‌കാര ചടങ്ങുകളാണ് നടന്നതെന്നാണ് ഇറാനിയന്‍ സ്റ്റേറ്റ് ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചടങ്ങിനെ തുടര്‍ന്ന് ടെഹ്റാനിലെ ആസാദി സ്‌ക്വയറില്‍ കൂട്ട പ്രാര്‍ത്ഥനകള്‍ നടന്നു. ഇറാനിയന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍, സംഘര്‍ഷത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ഉപദേഷ്ടാവ് അലി ഷംഖാനി, ഖമേനിയുടെ മകന്‍ മോജ്തബ എന്നിവരുള്‍പ്പെടെയുള്ള ഇറാന്റെ പ്രധാനനേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനായി അധികൃതര്‍ സര്‍ക്കാര്‍ ഓഫീസുകള്‍ അടക്കം അടച്ചിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.