പ്രവാസികളുടെ ഓണാഘോഷം എപ്പോഴും നാട്ടിലെ ഓണ ഓര്‍മ്മകളുടെ തൊട്ടുണര്‍ത്തലുകള്‍ കൂടിയാണ്. കുടുംബത്തിനൊപ്പം ഒരുമിച്ചൊരു ഓണാഘോഷം... യുണൈറ്റഡ് ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനിലെ ഓരോ അംഗങ്ങളും ഒരു കുടുംബം പോലെ തന്നെയാണ്. അതിനാല്‍ തന്നെ സ്വന്തം കുടുംബത്തിലെ ഏവരും ഒത്തൊരുമയോടെ ഓണം ആഘോഷിക്കുന്ന സന്തോഷമാണിവിടെ. സെപ്തംബര്‍ ആറിന് ഫില്‍ട്ടണ്‍ കമ്യൂണിറ്റി സെന്ററിലായിരുന്നു യുബിഎംഎയുടെ ഓണാഘോഷം.
ചിട്ടയായ പരിപാടികളും മാവേലിയെ ആവേശത്തോടെ വരവേറ്റതും ഓണ സദ്യയും ഡിജെയും ഒക്കെയായി ഇക്കുറിയും മറക്കാനാകാത്ത ഓണാഘോഷമാണ് കടന്നുപോയത്.
യുബിഎംഎ അംഗങ്ങള്‍ തന്നെ ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യ ഏവരും ആസ്വദിച്ചു. പായസവും വിഭവങ്ങളും തൂശനിലയില്‍ വിളമ്പുമ്പോള്‍ സ്‌നേഹത്തില്‍ ചാലിച്ചുകൊണ്ടുള്ള രുചികരമായ ഭക്ഷണം പങ്കുവയ്ക്കുന്ന സന്തോഷമാണ് ഓരോ അംഗങ്ങള്‍ക്കും. വര്‍ഷങ്ങളായി സദ്യ തങ്ങള്‍ തന്നെ ഒരുക്കുകയാണ് യുബിഎംഎ അംഗങ്ങള്‍ ചെയ്യാറുള്ളത്.
മനോഹരമായ പൂക്കളം ഒരുക്കിയിരുന്നു.
വേദിയില്‍ നിരവധി പരിപാടികളാണ് ഒരുക്കിയിരുന്നത്. ഏവരുടേയും ഹൃദയം കവര്‍ന്ന് മാവേലിയായി മെജോ ചെന്നെലീലെത്തി. ആവേശം നിറഞ്ഞ നിമിഷങ്ങളായിരുന്നു മാവേലിയെ വരവേല്‍ക്കല്‍. വേദിയിലേക്ക് മാവേലിയെ ആനയിച്ച ശേഷം ഓണാഘോഷം ഔദ്യോഗികമായി വിളക്കു കൊളുത്തി ഉത്ഘാടനം ചെയ്തു.
പ്രസിഡന്റ് ജോബിച്ചന്‍ ജോര്‍ജ്, സെക്രട്ടറി ജാക്‌സണ്‍ ജോസഫ്, ട്രഷറര്‍ ഷിജു , മാവേലിയും മറ്റ് എക്‌സിക്യൂട്ടിവ് അംഗങ്ങളും ചേര്‍ന്നാണ് വേദിയില്‍ ഔദ്യോഗിക ഉത്ഘാടനം നടത്തിയത്. ജിസിഎസ് ഇ എ ലെവല്‍ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
യുബിഎംഎ അംഗങ്ങളായ വനിതകളൊരുക്കിയ തിരുവാതിരക്കളി, ഓണപ്പാട്ടുകള്‍, നൃത്തം എന്നിങ്ങനെ വേദിയെ ആവേശം കൊള്ളിക്കുന്ന നിരവധി പരിപാടികളാണ് അരങ്ങേറിയത്. ഒടുവില്‍ ഓണാഘോഷം പൂര്‍ണ്ണ ആവേശത്തിലെത്തിച്ചത് ജോഷ്വാ എബിയുടെ ഡിജെയോടെയാണ്.
പ്രസിഡന്റ് ജോബിച്ചന്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബിനു പി ജോണ്‍, സെക്രട്ടറി ജാക്‌സണ്‍ ജോസഫ്, ജോയിന്റ് സെക്രട്ടറി സെബിയാച്ചന്‍ പൗലോ, ട്രഷറര്‍ ഷിജു ജോര്‍ജ്, ജോയ്ന്റ് ട്രഷറര്‍ റെജി തോമസ്, മറ്റ് ഭാരവാഹികളായ ഷിബു കുമാര്‍, സബിന്‍ ഇമ്മാനുവല്‍, സോണിയ റെജി, ജിബി സബിന്‍, റെജി തോമസ്, ജെയ് ചെറിയാന്‍, സോണിയ സോണി , ഐബി വർഗ്ഗീസ്, ഫുഡ് കോര്‍ഡിനേറ്റര്‍മാരായ ബിജു പപ്പാരില്‍, ജോമോന്‍ മാമച്ചന്‍, മെജോ ചെന്നേലില്‍, ജെയ് ചെറിയാന്‍, സോണി ജെയിംസ് എന്നിവരുടെയെല്ലാം പരിശ്രമ ഫലമായിട്ടാണ് ഓണാഘോഷം മികച്ച രീതിയില്‍ കൊണ്ടാടിയത്. ഒപ്പം യുബിഎംഎ അംഗങ്ങളായ ഓരോരുത്തരുടേയും സഹകരണവും ഓണാഘോഷത്തിന്റെ മാറ്റുകൂട്ടാന്‍ സഹായിച്ചു.ലൈറ്റ് ആൻഡ് സൗണ്ട്സ് കൈകാര്യം ചെയ്തത് എബിയായിരുന്നു.
യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിങ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് പരിപാടിയുടെ മുഖ്യ സ്‌പോണ്‍സറായിരുന്നു.