കാമുകനുമായുള്ള ലൈംഗികബന്ധത്തിന് മകളുടെ കരച്ചില്‍ തടസമെന്ന് പറഞ്ഞ് രണ്ടുവയസുകാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലിലാണ് സംഭവം. സംഭവത്തില്‍ മമ്ത (23),ഇവരുടെ കാമുകനായ ഷെയ്ഖ് ഫയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജൂണ്‍ 4 ന് നടന്ന കുറ്റകൃത്യം മാസങ്ങളോളം ആരും അറിഞ്ഞിരുന്നില്ല. പിന്നീട് കുട്ടിയുടെ തിരോധാനത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ക്രൂരകൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ജൂണ്‍ 4 ന് രാത്രിയില്‍ കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ശിവംപേട്ട് മണ്ഡലത്തിലെ ഷബാഷ്പള്ളി ഗ്രാമത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു അഴുക്ക് ചാലിന് സമീപം കുഴിച്ചിട്ടതായി മമത സമ്മതിച്ചതിനെത്തുടര്‍ന്ന് പോലീസ് മമതയെയും കാമുകന്‍ ഷെയ്ഖ് ഫയാസിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.വെള്ളിയാഴ്ച അധികൃതര്‍ കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തി.
മെയ് 21 ന് മമത തന്റെ രണ്ട് കുട്ടികളുമായി തന്റെ ഭര്‍ത്താവിന്റെ വീട്ടിലെത്തിയിരുന്നു. പിന്നീട് അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞ് ഇളയ മകളുമായി വീട്ടില്‍ നിന്നും ഇറങ്ങുകയായിരുന്നു.എന്നാല്‍, പിന്നീട് യുവതിയേയും കുഞ്ഞിനേയും കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മെയ് 27 ന് മമതയെ കാണാനില്ലെന്ന് പറഞ്ഞ് ഭര്‍ത്താവ് കോട്ല രാജു പൊലീസില്‍ പരാതി നല്‍കി.വീട്ടുകാര്‍ അന്വേഷിച്ചെങ്കിലും മമതയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
മകളുമായി മംമ്ത പോയത് കാമുകന്‍ ഫയാസിനൊപ്പമായിരുന്നു.മംമ്തയുടെ ഫോണ്‍ ട്രേസ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഫയാസിനൊപ്പം താമസിച്ചിരുന്ന മമ്തയെ സെപ്റ്റംബര്‍ ആദ്യ വാരത്തില്‍ വളരെ അപ്രതീക്ഷിതമായാണ് ആന്ധ്രപ്രദേശിലെ നരസരോപേട്ടില്‍ പൊലീസ് ക്യാമറയില്‍ പതിയുന്നത്. തുടര്‍ന്ന് സെപ്റ്റംബര്‍ 11 ന് ഇരുവരെയും ചോദ്യം ചെയ്യുന്നതിനായി അവരുടെ ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നു.തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്.കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ദമ്പതികളുടെ ഫോണ്‍ പ്രധാന തെളിവായി കണ്ടെടുത്തിട്ടുണ്ട്.