ഒരു വീട് വാങ്ങുകയെന്നത് പലരുടെയും സ്വപ്‌നമാണെങ്കിലും അതിന് വേണ്ടിവരുന്ന സമയം അത്ര ചെറുതല്ല. അനുയോജ്യമായ വീട് കണ്ടെത്തി, മോര്‍ട്ട്‌ഗേജ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സ്വന്തം പേരിലേക്ക് ഇത് വാങ്ങുന്നത് വരെ വേണ്ടിവരുന്ന സമയം അത്ര ചെറുതല്ല. ഈ ബുദ്ധിമുട്ട് വീട് വാങ്ങുന്നതില്‍ നിന്നും പലരെയും പിന്തിരിപ്പിക്കുന്ന ഘടകവുമാണ്.
ഈ ഘട്ടത്തിലാണ് വീട് വില്‍പ്പന കൂടുതല്‍ എളുപ്പമാക്കാന്‍ ഗവണ്‍മെന്റ് നിര്‍ദ്ദേശങ്ങള്‍ വരുന്നത്. പുതിയ നിര്‍ദ്ദേശപ്രകാരം വീട് വാങ്ങുന്നതിനുള്ള നടപടിക്രമങ്ങള്‍ നാലാഴ്ചയെങ്കിലും കുറയ്ക്കാനുള്ള നീക്കമാണ് മന്ത്രിമാര്‍ നടത്തുന്നത്. ഇതുകൂടാതെ വീട് വാങ്ങുമ്പോഴുള്ള ചില ചെലവുകള്‍ വാങ്ങുന്നവരുടെ തലയില്‍ നിന്നും മാറ്റി വില്‍ക്കുന്നവരുടെ തലയിലിടാനും യുകെ ഗവണ്‍മെന്റ് ആലോചന തുടങ്ങിയിട്ടുണ്ട്.
വീടിന്റെ അവസ്ഥ പൂര്‍ണ്ണമായി അറിയിക്കുക, ലീസ്‌ഹോള്‍ഡ് ചെലവുകള്‍ മുന്‍കൂറായി അറിയിക്കുക എന്നിവയും ഇതില്‍ പെടും. അവസാന നിമിഷം സര്‍പ്രൈസായി ഇത് അറിയിച്ച് വില്‍പ്പന ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാനാണ് നിര്‍ദ്ദേശങ്ങള്‍ വഴി ശ്രമിക്കുന്നതെന്ന് ഹൗസിംഗ്, കമ്മ്യൂണിറ്റീസ്, ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രാലയം പറഞ്ഞു.
ഈ നീക്കങ്ങള്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 710 പൗണ്ടാണ് ശരാശരി ലാഭം പകരും. മുന്‍ ഉപപ്രധാനമന്ത്രി ആഞ്ചെല റെയ്‌നറാണ് ഈ ആലോചനയ്ക്ക് തുടക്കം കുറിച്ചത്. എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കഴിഞ്ഞ മാസം രാജിവെയ്‌ക്കേണ്ടി വന്നിരുന്നു. പുതിയ ഹൗസിംഗ് സെക്രട്ടറി സ്റ്റീവ് റീഡ് പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.