ഒക്ടോബര്‍ 7. ഈ തീയതിക്ക് മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളുമായി അവിഭാജ്യമായ ബന്ധമുണ്ട്. ഹമാസ് തീവ്രവാദികള്‍ അതിര്‍ത്തി കടന്നെത്തി 'തൂഫാന്‍ അല്‍ അഘ്‌സയെന്ന്' പേരിട്ട ഭീകരാക്രമണം നടത്തിയിട്ട് രണ്ട് വര്‍ഷം തികയുകയാണ്. 1300 ഇസ്രയേലികളെ കൂട്ടകുരുതി ചെയ്യുകയും, നൂറുകണക്കിന് പേരെ ബന്ദികളാക്കുകയും ചെയ്ത അക്രമത്തിന്റെ തിരിച്ചടി ഇപ്പോഴും അവസാനിച്ചിട്ടില്ല. ഗാസയെ വെടിപ്പുരയാക്കി മാറ്റിയപ്പോള്‍ സാധാരണ ജനം അഭയം കിട്ടാതെ തെരുവിലാണ്.
എന്നാല്‍ ബ്രിട്ടനില്‍ ഒക്ടോബര്‍ 7 ആഘോഷമാക്കാനാണ് ഒരു കൂട്ടം പലസ്തീന്‍ അനുകൂലികള്‍ ഒരുങ്ങുന്നത്. മാഞ്ചസ്റ്റര്‍ സിനഗോലില്‍ ജൂതര്‍ക്ക് നേരെ ഭീകരാക്രമണം നടന്ന ശേഷവും ഈ വിദ്വേഷ മാര്‍ച്ചുകള്‍ തുടരുന്നതില്‍ ലേബര്‍ ഭരണകൂടവും സ്തംബ്ധരാണ്. ഒക്ടോബര്‍ 7 വാര്‍ഷികത്തില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കരുതെന്നാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ ആവശ്യപ്പെടുന്നത്.
സിനഗോഗ് ഭീകരാക്രമണത്തിന് ശേഷവും വിദ്വേഷ മാര്‍ച്ചുകള്‍ നടത്തുന്നത് ബഹുമാനമില്ലായ്മയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തങ്ങളുടെ രാജ്യത്ത് ഭീകരാക്രമണം നടത്തിയതിന് ഇസ്രയേല്‍ തിരിച്ചടി നല്‍കിയപ്പോള്‍ ഏകദേശം 70,000 പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പലസ്തീന്‍ ഭൂമിയിലെ അനധികൃത കൈയ്യേറ്റത്തിന് എതിരെയാണ് യൂണിവേഴ്‌സിറ്റി ക്യാംപസുകളില്‍ വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.
ബ്രിട്ടനിലെ ജൂതരെ അക്രമിക്കാനുള്ള ന്യായമായി പലസ്തീന്‍ അനുകൂല മാര്‍ച്ചിനെ ചിലര്‍ ഉപയോഗിക്കുന്നതായി സ്റ്റാര്‍മര്‍ ആരോപിച്ചു. 'നമ്മടെ തെരുവുകളില്‍ ആളുകള്‍ അവര്‍ ഇന്നുവരെ കാണാത്ത ജൂത ജനങ്ങളെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നു, അവര്‍ ഉത്തരവാദികളല്ലാത്ത കാര്യത്തിനാണ് ഇത്. ഇത് മനുഷ്യത്വവും, സഹിഷ്ണുതയും നഷ്ടപ്പെട്ടത് പോലെയാണ്', പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.