CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
56 Minutes 35 Seconds Ago
Breaking Now

ഞങ്ങള്‍ ഭരണത്തിലെത്തിയാല്‍ നികുതി കുറയും; സമ്പദ് വ്യവസ്ഥയ്ക്ക് പുതിയ 'ഗോള്‍ഡന്‍ റൂള്‍'; 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി കുറയ്ക്കാന്‍ വഴിയൊരുക്കി ബാഡെനോക്; കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ പതനത്തില്‍ നിന്നും രക്ഷിക്കുമോ ഈ പ്രഖ്യാപനങ്ങള്‍?

സമ്പദ് വ്യവസ്ഥയെ പൊളിച്ചടുക്കുന്ന നികുതികള്‍ താഴ്ത്തുമെന്നാണ് കണ്‍സര്‍വേറ്റീവ് നേതാവിന്റെ നിലപാട്

മധുരമനോഹര പ്രതിജ്ഞകള്‍ ചെയ്‌തെത്തിയ ലേബര്‍ പാര്‍ട്ടിയുടെ ഭരണം പൊട്ടിപ്പൊളിഞ്ഞതോടെ അനായാസം ഭരണം തിരിച്ചുപിടിക്കാമെന്ന മോഹത്തില്‍ നിന്നിരുന്ന ടോറികള്‍ക്ക് റിഫോം യുകെയുടെ കടന്നുകയറ്റം കനത്ത ആഘാതമായിരുന്നു. എന്നാല്‍ കേവലം പ്രഖ്യാപനങ്ങള്‍ക്ക് അപ്പുറം തങ്ങള്‍ക്ക് കാര്യങ്ങള്‍ ചെയ്തുകാണിച്ച് ശീലമുണ്ടെന്ന് ജനങ്ങളെ ഓര്‍മ്മിപ്പിച്ച് ഈ പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമത്തിലാണ് ടോറി നേതാവ് കെമി ബാഡെനോക്. 

ലേബര്‍ ഗവണ്‍മെന്റ് വമ്പന്‍ നികുതിഭാരങ്ങള്‍ അടിച്ചേല്‍പ്പിക്കുമ്പോള്‍ തങ്ങള്‍ നികുതി കുറയ്ക്കുമെന്ന് ബാഡെനോക് വ്യക്തമാക്കുന്നു. 25 ബില്ല്യണ്‍ പൗണ്ടിന്റെ നികുതി കുറയ്ക്കാനാണ് തങ്ങള്‍ പദ്ധതിയിടുന്നതെന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ തിരിച്ചുവരവിന്റെ പാതയിലെത്തിക്കാന്‍ ശ്രമിക്കുന്ന നേതാവ് പ്രഖ്യാപിച്ചു. 

സമ്പദ് വ്യവസ്ഥയെ പൊളിച്ചടുക്കുന്ന നികുതികള്‍ താഴ്ത്തുമെന്നാണ് കണ്‍സര്‍വേറ്റീവ് നേതാവിന്റെ നിലപാട്. കടമെടുപ്പും, നികുതിയും തുടര്‍ച്ചയാക്കി മാറ്റിയ ലേബര്‍ പദ്ധതി അവസാനിപ്പിക്കുെമന്നും ബാഡെനോക് പറഞ്ഞു. പുതിയ 'ഗോള്‍ഡന്‍ റൂള്‍' പ്രഖ്യാപിച്ച് ലാഭിക്കുന്ന ഓരോ പൗണ്ടിലും പകുതി ഉപയോഗിച്ച് നിലവിലെ കടബാധ്യത ചുരുക്കുകയാണ് ചെയ്യുക. ബാക്കി പകുതി നികുതി കുറയ്ക്കാനും, സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കാനുമാണ് ഉപയോഗിക്കുക. 

മാഞ്ചസ്റ്ററില്‍ ചേര്‍ന്ന കണ്‍സര്‍വേറ്റീവ് വാര്‍ഷിക കോണ്‍ഫറന്‍സില്‍ അനധികൃത കുടിയേറ്റം നിയന്ത്രിക്കാനുള്ള നയങ്ങള്‍ സംബന്ധിച്ചാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയത്. യൂറോപ്യന്‍ കണ്‍വെന്‍ഷന്‍ ഓണ്‍ ഹ്യൂമന്‍ റൈറ്റ്‌സില്‍ നിന്നും രാജിവെയ്ക്കുന്നതും, രാജ്യത്ത് തങ്ങാന്‍ അവകാശമില്ലാത്ത 750,000 പേരെ നാടുകടത്താനും ഈ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. നിഗല്‍ ഫരാഗിന്റെ പദ്ധതികളോട് പൊരുതി നില്‍ക്കുന്ന പദ്ധതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച് വോട്ട് തിരികെ നേടാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒപ്പം സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് തങ്ങളുടെ തിരിച്ചുവരവായി മാറ്റാമെന്നും ഇവര്‍ കണക്കാക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.