ഇപ്പോള്‍ രാജ്യം ചര്‍ച്ച ചെയ്യുന്നത്, എന്തിനേറെ പറയുന്നു ഭരണപക്ഷം പോലും ചര്‍ച്ച ചെയ്യുന്നതും എതിര്‍ക്കുന്നതും നിലവില്‍ വിരലിലെണ്ണാവുന്ന എംപിമാര്‍ മാത്രമുള്ള ഒരു പാര്‍ട്ടിയെ കുറിച്ചാണ്. തീവ്രവലത് ആശയങ്ങള്‍ പങ്കുവെയ്ക്കുകയും, കുടിയേറ്റ വിരുദ്ധത സകലഭാഗത്ത് നിന്നും പ്രകടമാക്കുകയും ചെയ്യുന്ന റിഫോം യുകെ പാര്‍ട്ടി നേടുന്ന ജനപിന്തുണ പരമ്പരാഗത പാര്‍ട്ടികളെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്.
ഈ ഘട്ടത്തില്‍ റിഫോമിനും, ലേബറിനും പിന്നിലായ പോകുകയാണ് ഒരു വര്‍ഷം മുന്‍പ് വരെ രാജ്യം ഭരിച്ച കണ്‍സര്‍വേറ്റീവുകള്‍. അതുകൊണ്ട് തന്നെ അടുത്ത തെരഞ്ഞെടുപ്പ് വരുമ്പോള്‍ റിഫോം യുകെയുമായി സഖ്യത്തിലെത്തണമെന്നാണ് ഇപ്പോള്‍ മൂന്നില്‍ രണ്ട് പാര്‍ട്ടി അംഗങ്ങള്‍ അഭിപ്രായപ്പെടുന്നത്.
ലക്ഷ്യമിടുന്ന സീറ്റുകള്‍ പരസ്പരം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്ന് ടോറികളും, റിഫോമും തീരുമാനിക്കണമെന്നാണ് 64 ശതമാനം പേര്‍ പിന്തുണയ്ക്കുന്ന സഖ്യത്തിന്റെ അടിസ്ഥാനമായി അംഗങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ 46 ശതമാനം ടോറി അംഗങ്ങള്‍ ടോറി പാര്‍ട്ടിയുടെയും, നിഗല്‍ ഫരാഗിന്റെ പാര്‍ട്ടിയുടെയും ലയനത്തെ പിന്തുണയ്ക്കുന്നു. എന്നാല്‍ 48 ശതമാനം ഇതിനെ എതിര്‍ക്കുന്നു.
എന്നാല്‍ ടോറി നേതാവ് കെമി ബാഡെനോകും, ഫരാഗും ഇത്തരം അഭ്യൂഹങ്ങള്‍ മുന്‍പ് പല തവണ തള്ളിയതാണ്. ടോറി പാര്‍ട്ടി കോണ്‍ഫറന്‍സ് നടക്കുന്നതിനിടെയാണ് സഖ്യകക്ഷിയായി റിഫോമിനെ സ്വീകരിക്കാന്‍ അംഗങ്ങള്‍ അഭിപ്രായം രേഖപ്പെടുത്തിയത്. അതേസമയം അടുത്ത തെരഞ്ഞെടുപ്പില്‍ ബാഡെനോക് പാര്‍ട്ടിയെ നയിക്കരുതെന്ന് പകുതിയോളം പേര്‍ ആവശ്യപ്പെടുന്നു.