റെയില്‍വേ സ്റ്റേഷനില്‍ യുവതിക്ക് സുഖ പ്രസവം. യുവാവിന്റെ സഹായത്തില്‍ യുവതി ആണ്‍കുഞ്ഞിനെ പ്രസവിക്കുന്ന വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. വീഡിയോ കോള്‍ വിളിച്ച് സുഹൃത്തായ വനിതാ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ചാണ് വികാസ് ബെന്ദ്രെ എന്ന യുവാവ് യുവതിയെ സഹായിച്ചത്. ത്രീ ഇഡിയറ്റ്സ് എന്ന സിനിമയിലെ ആമിര്‍ഖാന്റെ കഥാപാത്രമായ റാഞ്ചോയുമായാണ് യുവാവിനെ സോഷ്യല്‍ മീഡിയ താരതമ്യം ചെയ്യുന്നത്. സിനിമയില്‍ പ്രസവ വേദന വന്ന നായികയുടെ സഹോദരിയെ പ്രസവിക്കാന്‍ സഹായിച്ചത് ആമിര്‍ ഖാന്റെ കഥാപാത്രമായിരുന്നു.
രാം മന്ദിര്‍ റെയില്‍വേ സ്റ്റേഷനില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ട്രെയിനില്‍വെച്ച് യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വികാസ് ബെന്ദ്രെ ഉടന്‍ ട്രെയിനിന്റെ എമര്‍ജന്‍സി ചെയിന്‍ വലിക്കുകയായിരുന്നു. നേരത്തെ തന്നെ, യുവതിയുടെ കുടുംബം അടുത്തുള്ള ആശുപത്രിയില്‍ നിന്നും സഹായം തേടിയെങ്കിലും അത് നിരസിക്കെപ്പട്ടിരുന്നു. പിന്നാലെ മറ്റൊരു വഴിയുമില്ലാതെ വന്നപ്പോഴാണ് യുവതിയുടെ കുടുംബം യുവതിയെയും കൂട്ടി വീട്ടിലേക്ക് പോകാമെന്ന് കരുതി ട്രെയിന്‍ കയറിയത്. ഇതിനിടിയില്‍ യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്.
ഉടന്‍ തന്നെ വൈദ്യസഹായങ്ങള്‍ തേടിയെങ്കിലും വൈകുന്നത് കണ്ട വികാസ് തന്റെ സുഹൃത്തായ ഡോക്ടറെ വിളിക്കുകയും നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയുമായിരുന്നു. 'ഇങ്ങനൊരു കാര്യം ഞാന്‍ ജീവിതത്തില്‍ ആദ്യമായിട്ടാണ് ചെയ്യുന്നത്. എനിക്ക് നല്ല പേടിയുണ്ടായിരുന്നു', എന്ന് വികാസ് പറയുന്നത് വീഡിയോയില്‍ കാണാം. കുഞ്ഞിനേയും യുവതിയെയും പിന്നീട് ആശുപത്രിയിലേക്ക് മാറ്റി.
സംഗീതജ്ഞന്‍ മഞ്ജീത് ധില്ലോണ്‍ പങ്കുവെച്ചതിന് പിന്നാലൊണ് വീഡിയോ വൈറലായത്. 'ഇത് പറയുമ്പോള്‍ എനിക്ക് ഇപ്പോഴും മരവിപ്പ് തോന്നുന്നു. ഈ സഹോദരനെ ഇക്കാരണത്തിനാണ് ദൈവം അയച്ചതെന്ന് എനിക്ക് അപ്പോള്‍ തോന്നി. ഞങ്ങള്‍ നിരവധി ഡോക്ടര്‍മാരെ വിളിച്ചു. ആംബുലന്‍സ് വരാന്‍ വൈകുകയായിരുന്നു. ഒടുവില്‍ ഒരു വനിതാ ഡോക്ടര്‍ വീഡിയോ കോള്‍ വഴി അവന് നിര്‍ദേശം നല്‍കി. വനിതാ ഡോക്ടര്‍ പറഞ്ഞത് പോലെ അവന്‍ എല്ലാ കാര്യങ്ങളും ചെയ്തു. ആ സമയത്തുള്ള അവന്റെ ധൈര്യം വാക്കുകള്‍ക്ക് അപ്പുറമാണ്', മഞ്ജീത് പറഞ്ഞു.