ഓപ്പറേഷന്‍ സിന്ദൂറിലേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി ഇന്ത്യയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് (സ്ട്രാറ്റജി) ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ്. പാകിസ്ഥാനെതിരായ ശക്തമായ മറുപടിയായിരുന്നു ഓപ്പറേഷന്‍ സിന്ദൂര്‍. മൂന്ന് ദിവസത്തോളം നീണ്ടുനിന്ന ആക്രമണത്തില്‍ നൂറിലധികം പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ലെഫ്റ്റനന്റ് ജനറല്‍ രാജീവ് ഘായ് വ്യക്തമാക്കി. ഐക്യരാഷ്ട്രസഭയുടെ സൈനിക മേധാവികളുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അസാധാരണമായ മരണാനന്തര ബഹുമതികളുടെ എണ്ണത്തില്‍ നിന്ന് പാകിസ്ഥാന്റെ നഷ്ടത്തിന്റെ വ്യാപ്തി വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. മെയ് 9 നും 10നും ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാനിലെ ഒന്നിലധികം വ്യോമതാവളങ്ങള്‍ ആക്രമിച്ചതായും അദ്ദേഹം സ്ഥിരീകരിച്ചു. പാകിസ്ഥാന്‍ ഡ്രോണുകള്‍ നിരന്തരം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്നാണ് പാക് വ്യോമതാവളങ്ങള്‍ ആക്രമിച്ചത്.
പാകിസ്ഥാന്റെ 11 വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. അതില്‍ എട്ട് വ്യോമതാവളങ്ങള്‍, മൂന്ന് ഹാംഗറുകള്‍, നാല് റഡാറുകള്‍ എന്നിവ തകര്‍ത്തു. ഒരു സി-130 വിമാനം, ഒരു എഇഡബ്ല്യു&സി വിമാനവും, അഞ്ച് യുദ്ധവിമാനങ്ങളും തകര്‍ത്തെന്നും അദ്ദേഹം പറഞ്ഞു.