
















ലൈംഗികാതിക്രമ ആരോപണം നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കൊപ്പം പാലക്കാട് നഗരസഭാ അധ്യക്ഷ വേദി പങ്കിട്ടതില്‍ ബിജെപിയില്‍ അമര്‍ഷം. ബിജെപി സംസ്ഥാന കമ്മിറ്റി പ്രമീള ശശിധരനോട് വിശദീകരണം ചോദിക്കും. പ്രമീള ശശിധരന് എതിരെ നടപടി വേണമെന്നാണ് നേതാക്കളുടെ ആവശ്യം.
പ്രമീള ശശിധരന്റെ പ്രവര്‍ത്തി സ്ത്രീ വിരുദ്ധതയെന്ന് നേതാക്കള്‍ വിമര്‍ശിച്ചു. പ്രമീള പാര്‍ട്ടിക്ക് നാണക്കേടാണെന്നും കോര്‍ കമ്മിറ്റിയില്‍ വിമര്‍ശനം ഉയര്‍ന്നു. രാഹുലിനെതിരായ പരാതി കോണ്‍ഗ്രസിനെതിരായ തെരഞ്ഞെടുപ്പ് ആയുധമാക്കാനുള്ള നീക്കത്തിന് ഈ സംഭവം തിരിച്ചടിയാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്. തുടര്‍ പ്രതിഷേധങ്ങള്‍ക്ക് തിരിച്ചടിയായെന്നുള്ള അഭിപ്രായവും നേതാക്കള്‍ക്കുണ്ട്.
ഇന്നലെയാണ് ബിജെപി ഭരിക്കുന്ന പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തില്‍നൊപ്പം വേദി പങ്കിട്ടത്. നഗരത്തിലെ സ്റ്റേഡിയം ബൈപ്പാസ് റോഡ് ഉദ്ഘാടനത്തിലാണ് പ്രമീള ശശിധരന്‍ രാഹുല്‍ മാങ്കുട്ടത്തിലിന് ഒപ്പം വേദി പങ്കിട്ടത്. രാഹുലിനെ പൊതു പരിപാടിയില്‍ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപി നിലപാട്.
ലൈംഗികാരോപണത്തിന് പിന്നാലെ മാറി നിന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ സമീപകാലത്ത് വീണ്ടും മണ്ഡലത്തില്‍ സജീവമാകുകയാണ്. നേരത്തെ കെഎസ്ആര്‍ടിസി ബസിന്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎല്‍എ പങ്കെടുത്തിരുന്നു. എന്നാല്‍ ഇവിടെയെല്ലാം തടയുമെന്ന നിലപാടിലായിരുന്നു സിപിഐഎമ്മും ബിജെപിയും.