
















ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അറസ്റ്റിലായ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പ്രത്യേക അന്വേഷണ സംഘം തെളിവെടുപ്പിനായി ബെംഗളൂരുവിലേക്ക് പുറപ്പെട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉപയോഗിച്ച് ബെംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വര്‍ണക്കൊള്ളയ്ക്ക് വഴിവെച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ദ്വാരപാലക ശില്‍പങ്ങളിലെ പാളികള്‍ കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്‌മണ്യമാണെന്നും കണ്ടെത്തിയിരുന്നു. പാളികള്‍ ഏറ്റുവാങ്ങിയത് ഉണ്ണികൃഷ്ണന്‍ പോറ്റിയാണെന്ന് 2019 ജൂലൈ 19ലെ മഹസറില്‍ രേഖപ്പെടുത്തിയതെങ്കിലും പോറ്റിയുടെ പേരിന് നേരെ ഒപ്പിട്ടിരുന്നത് അനന്തസുബ്രഹ്‌മണ്യന്‍ ആയിരുന്നു. എന്നാല്‍ പാളി ഏറ്റുവാങ്ങിയിരുന്നത് കര്‍ണാടക സ്വദേശി രമേശ് റാവു എന്നയാളായിരുന്നു. ഇതിന് പുറമെ ശ്രീകോവിലിന്റെ വാതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ ബെംഗളൂരുവിലെ ക്ഷേത്രത്തില്‍ എത്തിച്ചെന്നും കണ്ടെത്തിയിരുന്നു.
ബെംഗളൂരുവിന് പുറമെ ചെന്നൈയിലെ വിവിധയിടങ്ങളിലും ഉണ്ണികൃഷ്ണന്‍ പോറ്റിയെ തെളിവെടുപ്പിനായി എത്തിക്കും. ശബരിമലയിലെ പാളികള്‍ അടക്കം സ്വര്‍ണം പൂശാന്‍ എത്തിച്ച ചെന്നൈയിലെ സ്മാര്‍ട്ട്ക്രിയേഷന്‍സിലാവും ആദ്യം എത്തിക്കുക. സ്വര്‍ണപ്പാളികള്‍ പ്രദര്‍ശിപ്പിച്ച നടന്‍ ജയറാമിന്റെ വീട്ടിലും തെളിവെടുപ്പിന് സാധ്യതയുണ്ട്. തെളിവെടുപ്പ് പൂര്‍ത്തിയായ ശേഷമായിരിക്കും മറ്റ് അറസ്റ്റുകളിലേക്ക് കടക്കുക.
അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. തുടര്‍ന്ന് തിരുവനന്തപുരം സ്പെഷ്യല്‍ സബ്ജയിലിലേക്ക് മാറ്റി. മഹസറുകളില്‍ തിരിമറി നടത്തി മുരാരി ബാബു മനഃപൂര്‍വ്വം സ്വര്‍ണപ്പാളിയെന്നത് ചെമ്പുപാളി എന്നെഴുതിയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്.