
















 
                    
അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ സൗജന്യ റേഷന്‍ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാല്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാര്‍ഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങള്‍ക്ക് ഇനിമേല്‍ കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കില്‍ സൗജന്യ റേഷനായ അരിയും ഗോതമ്പും നല്‍കാനാവില്ലെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണം. ഖ്യാതി നേടാനുള്ള കേരള സര്‍ക്കാരിന്റെ കള്ളക്കളിയില്‍ ദരിദ്രര്‍ പട്ടിണിയിലാവുമെന്നും ചെറിയാന്‍ ഫിലിപ്പ് പറയുന്നു. കാര്‍ഷിക മേഖല തകരുകയും വ്യവസായങ്ങള്‍ വളരാതിരിക്കുകയും ചെയ്ത കേരളം ആഭ്യന്തര വരുമാനത്തില്‍ ഇപ്പോഴും വളരെ പുറകിലാണ്. തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കള്ള പ്രചരണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
5 ലക്ഷം കുടുംബങ്ങളുടെ കഞ്ഞികുടി മുട്ടിക്കുന്നു: ചെറിയാന്‍ ഫിലിപ്പ്
അതിദാരിദ്ര്യമുക്ത കേരളമെന്ന പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ഇപ്പോള്‍ സൗജന്യ റേഷന്‍ ലഭിക്കുന്ന കേരളത്തിലെ 5.29 ലക്ഷം ദരിദ്രകുടുംബങ്ങളിലെ അംഗങ്ങളുടെ കഞ്ഞികുടി മുട്ടിക്കുകയാണ്.
ദാരിദ്ര്യരേഖയ്ക്ക് താഴെയായതിനാല്‍ അന്ത്യോദയ അന്നയോജന പദ്ധതി പ്രകാരം മഞ്ഞ കാര്‍ഡ് നേടിയ 5.29 ലക്ഷം കുടുംബങ്ങള്‍ക്ക് ഇനിമേല്‍ കേന്ദ്ര സഹായം ലഭിക്കുന്നില്ലെങ്കില്‍ സൗജന്യ റേഷനായ അരിയും ഗോതമ്പും നല്‍കാനാവില്ല. ഖ്യാതി നേടാനുള്ള കേരള സര്‍ക്കാരിന്റെ കള്ളക്കളിയില്‍ ദരിദ്രര്‍ പട്ടിണിയിലാവും.
2002-ല്‍ എ.കെ. ആന്റണി മുഖ്യമന്ത്രിയും ജി.കാര്‍ത്തികേയന്‍ ഭക്ഷ്യമന്ത്രിയും ആയിരുന്നപ്പോള്‍ ആവിഷ്‌കരിച്ച ആശ്രയ പദ്ധതിയാണ് കേരളത്തില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് തുടക്കമിട്ടത്. ആശ്രയ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ അവാര്‍ഡും ലഭിച്ചിരുന്നു. 2005 ലെ ദേശീയ തൊഴിലുറപ്പു പദ്ധതിയും 2013-ലെ ഭക്ഷ്യ സുരക്ഷാ പദ്ധതിയുമാണ് കേരളത്തില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് രാസത്വരകമായത്.
എഴുപതുകള്‍ മുതല്‍ ഗള്‍ഫ് പ്രവാസികള്‍ ലക്ഷക്കണക്കിന് പണം കേരളത്തിലേക്ക് ഒഴുക്കിയത് കേരളത്തിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുകയും ദാരിദ്ര്യം അകറ്റുകയും ചെയ്തു. കാര്‍ഷിക മേഖല തകരുകയും വ്യവസായങ്ങള്‍ വളരാതിരിക്കുകയും ചെയ്ത കേരളം ആഭ്യന്തര വരുമാനത്തില്‍ ഇപ്പോഴും വളരെ പുറകിലാണ്.
തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കള്ള പ്രചരണം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ കണക്കുകളെ കേരളത്തിലെ പ്രമുഖ സാമ്പത്തിക വിദഗ്ധരെല്ലാം ചോദ്യം ചെയ്തിട്ടുണ്ട്. കഥയറിയാതെയാണ് ദാരിദ്ര്യമുക്ത പ്രഖ്യാപനം എന്ന ആട്ടം കാണാന്‍ മമ്മൂട്ടി, മോഹന്‍ലാല്‍, കമലഹാസന്‍ എന്നിവര്‍ നാളെ സര്‍ക്കാര്‍ മേളയില്‍ എത്തുന്നത്.
