
















അമേരിക്കന്‍ സൈനിക താവളത്തിലെത്തിയ സംശയകരമായ പാക്കറ്റ് തുറന്നതിന് പിന്നാലെ നിരവധിപ്പേര്‍ക്ക് ശാരീരികാസ്വാസ്ഥ്യം. എയര്‍ ഫോഴ്‌സ് വണ്ണിന്റെ ബേസിലേക്കാണ് സംശയകരമായ പാക്കറ്റ് എത്തിയത്. പാക്കറ്റ് സംശയകരമായതിനാല്‍ എല്ലാവരേയും ഒഴിപ്പിച്ച ശേഷമായിരുന്നു പാക്കറ്റ് തുറന്നത്. എന്നാല്‍ തുറക്കുമ്പോള്‍ പരിസരത്തുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കെല്ലാം തന്നെ ശാരീരിക അസ്വാസ്ഥ്യം നേരിട്ടതായാണ് മെരിലാന്‍ഡിലെ ജോയിന്റ് ബേസ് ആന്‍ഡ്രൂസ് വക്താവ് അറിയിച്ചിട്ടുള്ളത്. തിരിച്ചറിയാന്‍ സാധിക്കാത്ത വെള്ള നിറത്തിലുള്ള പൊടിയായിരുന്നു പാക്കറ്റിലുണ്ടായിരുന്നതെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
അമേരിക്കന്‍ പ്രസിഡന്റ് സഞ്ചരിക്കുന്ന വിമാനങ്ങളുടേയും അനുഗമിക്കുന്ന ജീവനക്കാരുടേയും വിമാനങ്ങളാണ് ഈ താവളത്തിലുണ്ടായിരുന്നത്. പ്രസിഡന്റ് സാധാരണ നിലയില്‍ ഇവിടെ നിന്നാണ് യാത്രകള്‍ തുടങ്ങാറുള്ളത്. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടവരെ മാല്‍ക്കം ഗ്രോ മെഡിക്കല്‍ സെന്ററില്‍ പരിശോധനയ്ക്കു വിധേയമാക്കി. ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും പരിശോധനയ്ക്കു ശേഷം വിട്ടയച്ചെന്നുമാണ് സൈനിക വക്താവ് വിശദമാക്കുന്നത്.
സംഭവത്തിന് പിന്നാലെ സൈനിക താവളത്തിലെ കെട്ടിടങ്ങളിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. പ്രത്യേക അന്വഷണ സംഘം സൈനിക താവളത്തില്‍ പരിശോധന നടത്തി. പാക്കറ്റില്‍ നിന്ന് അപകടകരമായതൊന്നും കണ്ടെത്താനായില്ലെന്നും പരിശോധന തുടരുകയാണെന്നും അധികൃതര്‍ അറിയിച്ചു. സൈനിക താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലായെന്നും അധികൃതര്‍ അറിയിച്ചു.