
















റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ പ്രഡിഡന്റെ ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച സമാധാന പദ്ധതി അംഗീകരിക്കാതെ യുക്രൈന്‍. യുദ്ധം അവസാനിപ്പിക്കാന്‍ സമാധാന പദ്ധതിയുടെ 28 പോയിന്റ് കരാറിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകാരം നല്‍കിയതായി എന്‍ബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാറില്‍ തീരുമാനമായാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിക്കുമെന്നാണ് നയതന്ത്ര വിദഗ്ധരുടെ കണക്കുകൂട്ടല്‍. എന്നാല്‍ റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കന്‍ നീക്കം അസംബന്ധമാണെന്ന് ആഞ്ഞടിച്ച് യുക്രെയ്ന്‍ രംഗത്തെത്തിയതോടെ ട്രംപിന്റെ നീക്കത്തിന് തിരിച്ചടിയായിരിക്കുകയാണ്.
ട്രംപിന്റെ പ്രതിനിധികള്‍ മുന്നോട്ടുവച്ച 28 നിബന്ധനകളടങ്ങിയ കരട് അംഗീകരിക്കുന്നത് റഷ്യയ്ക്കു മുന്നില്‍ കീഴടങ്ങുന്നതിന് തുല്യമാണെന്ന് യുക്രെയ്ന്‍ പറയുന്നത്. യുക്രെയ്‌നുമായി സംസാരിക്കാതെ, റഷ്യയുടെ താല്‍പ്പര്യമനുസരിച്ചുള്ള ഡീലാണ് യുഎസ് തയാറാക്കിയത് എന്നാണ് യുക്രൈന്‍ വിദേശകാര്യ പാര്‍ലമെന്ററി കമ്മിറ്റി ചെയര്‍മാന്‍ ഒലക്‌സാന്‍ഡര്‍ മെറേഷ്‌കോ തുറന്നടിച്ചത്. യുക്രെയ്‌നിലെ യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യക്ക് ഭൂമി വിട്ടുകൊടുക്കാനും കീവിന്റെ സൈന്യത്തിന്റെ വലുപ്പം പരിമിതപ്പെടുത്താനും യുഎസ് തയ്യാറാക്കിയ കരടില്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കരട് അംഗീകരിച്ചാല്‍ ഡോണ്‍ബാസ് യുക്രെയ്ന്‍ റഷ്യക്ക് വിട്ടുകൊടുക്കേണ്ടി വരും. 2022ല്‍ യുദ്ധം തുടങ്ങി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ സൈനിക നീക്കത്തിലൂടെ റഷ്യയ്ക്ക് പിടിച്ചടക്കാന്‍ പറ്റാത്ത തന്ത്രപ്രധാന മേഖലയാണ് ഡോണ്‍ബാസ്. എന്നാല്‍ യുക്രെയ്‌ന്റെ ഒരിഞ്ച് പോലും റഷ്യയ്ക്ക് വിട്ടുകൊടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയും വ്യക്തമാക്കി. ഇതോടെ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ ഡീലിന് തിരിച്ചടിയായിരിക്കുകയാണ്