
















സൗദി മക്ക മദീനയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 42 പേര്‍ക്ക് ദാരുണാന്ത്യം. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകരാണ് മരിച്ചത്. മക്കയില്‍ നിന്ന് പുറപ്പെട്ട ഉംറ ബസ് ഡീസല്‍ ടാങ്കറുമായി കൂട്ടിയിടിച്ച് കത്തുകയായിരുന്നു. ഹൈദരാബാദ് സ്വദേശികളാണ് ബസിലുണ്ടായിരുന്നവരെന്നാണ് റിപ്പോര്‍ട്ട്.
മക്കയിലെ തീര്‍ഥാടനം പൂര്‍ത്തിയാക്കി മദീനയിലേക്ക് പോകുന്ന വഴിയാണ് അപകടം നടന്നത്. ബദ്‌റിനും മദീനക്കും ഇടയില്‍ മുഫറഹാത്ത് എന്ന സ്ഥലത്ത് വെച്ചാണ് അപകടം നടന്നത്. തീര്‍ഥാടകര്‍ ഹൈദരാബാദ് സ്വദേശികളാണെന്ന് ഉംറ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.
മരിച്ചവരില്‍ 20 പേര്‍ സ്ത്രീകളും 11 പേര്‍ കുട്ടികളുമാണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.അപകടത്തില്‍ ഒരാള്‍ മാത്രം രക്ഷപ്പെട്ടെന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. സൗദി സമയം രാത്രി 11 മണിയോടെയാണ് (ഇന്ത്യന്‍ സമയം-പുലര്‍ച്ചെ 1:30) അപകടം നടന്നത്.