
















അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗികവസതിയായ വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ക്ക് വെടിയേറ്റു. അക്രമിയെ അധികൃതര്‍ തിരിച്ചറിഞ്ഞു. അഫ്ഗാന്‍ സ്വദേശിയായ റഹ്‌മാനുള്ള ലകന്‍വാള്‍(29)ആണ് പ്രതി. ആക്രമണ കാരണം വ്യക്തമല്ല. 2021 ല്‍ അമേരിക്കയില്‍ പ്രവേശിച്ചതാണ് റഹ്‌മാനുള്ള. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
ബുധനാഴ്ച ഉച്ചകഴിഞ്ഞ് നാഷണല്‍ ഗാര്‍ഡ് അംഗങ്ങള്‍ പട്രോളിംഗിങ് നടത്തുന്നതിനിടെയാണ് വെടിവെയ്പ്പ് നടത്തിയത്.10 മുതല്‍ 15 തവണയാണ് അക്രമി വെടിയുതിര്‍ത്തത്. രണ്ട് സൈനികര്‍ക്കും തലയ്ക്കാണ് വെടിയേറ്റിട്ടുള്ളത്. പരിക്കേറ്റ ഗാര്‍ഡ് അംഗങ്ങള്‍ ആശുപത്രിയിലാണെന്നും അവരുടെ നില ഗുരുതരമായി തുടരുകയാണെന്നും ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ മേധാവി കാഷ് പട്ടേലും വാഷിംഗ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പരിക്കേറ്റ സൈനികരില്‍ ഒരാള്‍ സ്ത്രീയാണ്. വെസ്റ്റ് വെര്‍ജീനിയ സ്വദേശികളാണ് ഇരുവരും. സംഭവത്തില്‍ അക്രമിക്കും വെടിയേറ്റിട്ടുണ്ട്.
വെടിവെപ്പ് നടത്തുന്ന സമയത്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വൈറ്റ്ഹൗസില്‍ ഉണ്ടായിരുന്നില്ല. താങ്ക്സ്ഗിവിംഗിന് മുന്നോടിയായി അദ്ദേഹം ഫ്ലോറിഡയിലായിരുന്നു.യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കെന്റക്കിയിലുമാണ്. വെടിവെപ്പില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണെന്ന് നീതിന്യായ വകുപ്പിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.