
















കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഇംഗ്ലണ്ടിലെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ചികിത്സ കിട്ടാതെ മടങ്ങുന്ന രോഗികളുടെ എണ്ണം മൂന്നിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍എച്ച്എസ് ഡാറ്റ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് അവസ്ഥ ഞെട്ടിക്കുന്ന വിധത്തിലാണെന്ന് തിരിച്ചറിഞ്ഞത്.
കാത്തിരിപ്പ് ദൈര്‍ഘ്യമേറുന്നതോടെ പല രോഗികളും ചികിത്സ നേടാതെ എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും മടങ്ങുന്നുവെന്നാണ് ഞെട്ടിക്കുന്ന കണക്ക്. 2025 ജൂലൈയ്ക്കും, സെപ്റ്റംബറിനും ഇടയില്‍ മാത്രം 320,000 ആളുകള്‍ ചികിത്സ കിട്ടാതെ മടങ്ങി. 2019-ലെ ഈ സമയത്തെ കണക്കുകളില്‍ നിന്നും മൂന്നിരട്ടിയാണ് വര്‍ദ്ധന.
കാത്തിരിപ്പാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതെന്ന് ആര്‍സിഎന്‍ അനാലിസിസ് പറയുന്നു. 12 മണിക്കൂറിലേറെ കാത്തിരുന്ന രോഗികളുടെ എണ്ണത്തില്‍ 90 ഇരട്ടി വര്‍ദ്ധനവ് വന്നെന്നതും ഞെട്ടിക്കുന്ന വിഷയമാണ്. എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് തന്നെ ഈ വിധം രോഗികള്‍ മടങ്ങുന്നത് ഗുരുതര വിഷയമാണെന്ന് പ്രൊഫ. നിക്കോള റേഞ്ചര്‍ പ്രതികരിച്ചു.
അതേസമയം സ്വകാര്യ ചികിത്സ തേടാന്‍ സാധിക്കുന്ന രോഗികളുടെ എണ്ണവും കുറവാണെന്ന് പ്രൈവറ്റ് ഹെല്‍ത്ത്‌കെയര്‍ അനലിസ്റ്റുകളായ ലെയിംഗ്ബുയിസണ്‍ റിപ്പോര്‍ട്ട് പറയുന്നു. 2024-ല്‍ 0.1% വളര്‍ച്ച മാത്രമാണ് പ്രൈവറ്റ് ചികിത്സയ്ക്ക് കിട്ടിയത്. എന്നാല്‍ ചികിത്സ കിട്ടാതെ രോഗികള്‍ മടങ്ങുന്നത് പോലുള്ള സ്ഥിതി ഒഴിവാക്കാന്‍ തങ്ങള്‍ വിന്ററില്‍ 450 മില്ല്യണ്‍ പൗണ്ട് നിക്ഷേപിക്കുന്നതായി ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ വക്താവ് പ്രതികരിച്ചു.