
















എല്‍ഡിഎഫ് എംഎല്‍എ മുകേഷിന്റേത് തീവ്രത കുറഞ്ഞ പീഡനമെന്നും രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്ര പീഡനമാണെന്നും ജനാധിപത്യ മഹിളാ അസോസിയേഷന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറി ലസിത നായര്‍. മുകേഷിന്റേത് പീഡനമാണെന്ന് തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്നും എന്തെങ്കിലും കാര്യമുണ്ടായിരുന്നെങ്കില്‍ നടപടി വന്നേനെ എന്നും ലസിത നായര്‍ പറഞ്ഞു.
'രാഹുല്‍ മാങ്കൂട്ടത്തിലിന്റേത് അതിതീവ്രമായ പീഡനമാണല്ലോ. മറ്റേത് തീവ്രത കുറഞ്ഞതായിരിക്കാം എന്ന് ഞാന്‍ അനുമാനിക്കുന്നു. പീഡനമാണെന്ന് ഞങ്ങള്‍ അംഗീകരിച്ചിട്ടില്ലല്ലോ. അതില്‍ എന്തെങ്കിലും കാര്യങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുടര്‍നടപടികള്‍ ഉണ്ടായേനേ. ഞങ്ങളത് നിയമത്തിന് വിടുകയാണ്. നിയമം അനുശാസിക്കുന്ന ഏത് കുറ്റവാളിക്കും പീഡകനും ബാധകമായ ശിക്ഷ ഉണ്ടാവണം'- മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് ലസിത നായര്‍ പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി വേണമെന്നും അവര്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുന്നതിന് വേണ്ടിയാണ് ലസിത വാര്‍ത്താ സമ്മേളനം നടത്തിയത്. പത്തനംതിട്ട ജില്ലയില്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ നോമിനികളേയാണ് പലയിടത്തും സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രകീര്‍ത്തിച്ച സിപിഐ വനിതാ നേതാവായിരുന്ന ശ്രീനാ ദേവിയെ കോണ്‍ഗ്രസിലെത്തിച്ച് പാര്‍ട്ടി ജില്ലാ പഞ്ചായത്തിലേയ്ക്ക് സീറ്റ് നല്‍കി മത്സരിപ്പിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നോമിനികളായ സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കണമെന്നും ലസിത നായര്‍ ആവശ്യപ്പെട്ടു.