CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
23 Minutes 33 Seconds Ago
Breaking Now

പബ്ജി കളി നിര്‍ത്താന്‍ ആവശ്യപ്പെട്ട ഭാര്യയെ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

പബ്ജി ഗെയിം കളിക്കാന്‍ രഞ്ജീത് മൊബൈലില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് നേഹ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

മൊബൈലില്‍ മണിക്കൂറുകളോളം പബ്ജി ഗെയിം കളിക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെട്ട ഭാര്യയെ തൊഴില്‍രഹിതനായ ഭര്‍ത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ രേവ ജില്ലയിലാണ് സംഭവം നടന്നത്. 24കാരിയായ നേഹ പട്ടേല്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നേഹയെ കൊലപ്പെടുത്തിയ ശേഷം പ്രതിയായ രഞ്ജീത് പട്ടേല്‍ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടു.

പബ്ജി ഗെയിം കളിക്കാന്‍ രഞ്ജീത് മൊബൈലില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നത് നേഹ ചോദ്യം ചെയ്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഗെയിം കളിക്കാന്‍ ചെലവഴിക്കുന്ന സമയം ഒരു ജോലി കണ്ടെത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നേഹ രഞ്ജീതിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രതി ഭാര്യയെ ഒരു ടവ്വല്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നു.

ശനിയാഴ്ച അര്‍ദ്ധരാത്രിയാണ് സംഭവം നടന്നത്. ദമ്പതികള്‍ വിവാഹിതരായിട്ട് ആറ് മാസം മാത്രമേ ആയിട്ടുള്ളൂവെന്ന് പോലീസ് പറഞ്ഞു. മേയ് 25-നായിരുന്നു ഇരുവരുടെയും വിവാഹം. പ്രതി പബ്ജിക്ക് അടിമയായിരുന്നുവെന്നും അയാള്‍ക്ക് തൊഴിലില്ലാത്തതും ഗെയിമിംഗ് ശീലങ്ങളും ദമ്പതികള്‍ക്കിടയില്‍ ഇടയ്ക്കിടെ പ്രശ്നങ്ങള്‍ക്ക് കാരണമായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.

കൊലപാതകത്തിനുശേഷം പ്രതി നേഹയുടെ അളിയന് ഈ വിവരം അറിയിച്ചുകൊണ്ട് സന്ദേശമയച്ചു. താന്‍ ഭാര്യയെ കൊലപ്പെടുത്തിയെന്നും അവളുടെ കുടുംബത്തോട് നേഹയെ തിരികെ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടതായും രഞ്ജീത് അറിയിച്ചു. വിവരം അറിഞ്ഞ് പരിഭ്രാന്തരായ നേഹയുടെ വീട്ടുകാര്‍ നേരെ ദമ്പതികള്‍ താമസിച്ചിരുന്ന വീട്ടിലെത്തി. അബോധാവസ്ഥയില്‍ കിടക്കുന്ന നേഹയെ കണ്ട് വിവരം പോലീസില്‍ അറിയിച്ചു. സംഭവസ്ഥലത്തു തന്നെ നേഹ മരിച്ചിരുന്നു.

ഡിഎസ്പി ഉദിത് മിശ്ര കൊലപാതകം സ്ഥിരീകരിച്ചു. പ്രതി രഞ്ജീത് ഇപ്പോഴും ഒളിവിലാണ്. പബ്ജി ആസക്തിയെച്ചൊല്ലി ദമ്പതികള്‍ നിരന്തരം വഴക്കിട്ടിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.