
















ഈസ്റ്റ് സസെക്‌സില്‍ പ്രവര്‍ത്തിച്ചിരുന്ന കെയര്‍ ഹോം റിക്രൂട്ട്‌മെന്റ് ഏജന്‍സി ഡയറക്ടറും യുകെ മലയാളിയുമായ ബിനോയ് തോമസിന് അനധികൃത കുടിയേറ്റത്തെ സഹായിച്ച കേസില്‍ രണ്ടര വര്‍ഷം തടവുശിക്ഷ.
2017 മുതല്‍ 2018 വരെയുള്ള കാലയളവില്‍ കേരളം ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളേയും നഴ്‌സുമാരേയും യുകെയിലെ കെയര്‍ ഹോമുകളില്‍ ജോലിക്കായി നിയമിച്ചെങ്കിലും ഇവര്‍ക്ക് യുകെയില്‍ ജോലി ചെയ്യാനുള്ള നിയമാനുസൃത അവകാശം ഇല്ലെന്ന കാര്യം പ്രതിയ്ക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ബെക്‌സ്ഹില്‍ ഓണ്‍ സീ ആസ്ഥാനമായ എ ക്ലാസ് കെയര്‍ റിക്രൂട്ട്‌മെന്റ് ലിമിറ്റഡ് വഴി നടത്തിയ നിയമനമാണ് കേസിന്റെ ആധാരം.
ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണത്തെ തുടര്‍ന്ന് ലൂയിസ് ക്രൗണ്‍ കോടതിയില്‍ വിചാരണ നേരിട്ട ബിനോയ് തോമസിനെ 13 പേരുടെ അനധികൃത കുടിയേറ്റത്തെ സഹായിച്ചതിന് കുറ്റക്കാരനായി കോടതിയില്‍ കണ്ടെത്തി. കേരളത്തിലെ വിദ്യാര്‍ത്ഥികളെ കുറഞ്ഞ വേതനത്തില്‍ അനുവദിച്ചതിനേക്കാള്‍ അധിക സമയം ജോലിയില്‍ ഏര്‍പ്പെടുത്തിയതുമാണ് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയത്. പ്രതിക്ക് എട്ടു വര്‍ഷത്തേക്ക് കമ്പനി ഡയറക്ടറായി പ്രവര്‍ത്തിക്കാന്‍ വിലക്കും കോടതി വിധിച്ചു.
തമിഴില്‍ നിന്നുള്ള രേഖകള്‍ ഉള്‍പ്പെടെ ടൈംഷീറ്റ്, ഇന്‍വോയ്‌സ്, ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് , കൈയെഴുത്ത് കുറിപ്പുകള്‍, മെസേജുകള്‍ തുടങ്ങിയ ശക്തമായ തെളിവുകളാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് തൊഴില്‍ രേഖകള്‍ ഒളിപ്പിക്കാന്‍ ശ്രമിച്ചുവെന്നതും തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടിയേറ്റ നിയമം പരാജയപ്പെടുത്തുകയും ഏറ്റവും ദുര്‍ബലരായവര്‍ക്ക് അപകടം സൃഷ്ടിക്കുകയും ചെയ്തവര്‍ക്ക് ഇനിയും വിട്ടുവീഴ്ചയില്ല എന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി.