
















ബ്രിട്ടനില്‍ സ്വാതന്ത്ര്യവും, അവകാശവും ആവശ്യത്തിലേറെ നല്‍കപ്പെടുന്നുണ്ട്. എന്നാല്‍ ഒരു വിഭാഗം ഇത് ദുരുപയോഗം ചെയ്യാനും മുന്നിലുണ്ട്. കുട്ടിപ്പീഡനത്തിന് ശിക്ഷിക്കപ്പെട്ട ഒരു ട്രാന്‍സ്‌ജെന്‍ഡറിനെ 'മിസ്റ്റര്‍' എന്ന് അഭിസംബോധന ചെയ്തതിന്റെ പേരില്‍ എന്‍എച്ച്എസ് നഴ്‌സിന് സസ്‌പെന്‍ഷനും, അച്ചടക്ക നടപടിയും നേരിടേണ്ടി വന്നുവെന്ന് അറിയുമ്പോള്‍ തന്നെ ഏത് വിഭാഗങ്ങളാണ് ഇത് ദുരുപയോഗം ചെയ്യുന്നതെന്ന് വ്യക്തമാകും.
'മിസ്റ്റര്‍' എന്ന് വിളിച്ചുപോയതിന് എന്‍എച്ച്എസ് നഴ്‌സിനെതിരെ സ്വീകരിക്കുന്ന നടപടികള്‍ അല്‍പ്പം കടന്നകൈയ്യാണെന്ന് പൊതുഅഭിപ്രായം ഉയരുമ്പോള്‍ ഇത് നിര്‍ത്തിവെയ്ക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. നഴ്‌സിനെതിരായ അച്ചടക്ക നടപടി അവസാനിപ്പിക്കാന്‍ ടോറികള്‍ ട്രസ്റ്റിനോട് ആവശ്യപ്പെട്ടു.
40-കാരിയായ ജെന്നിഫര്‍ മെല്ലെയ്ക്കാണ് ട്രസ്റ്റിന്റെ വക അന്വേഷണവും, അച്ചടക്കം പഠിപ്പിക്കലും നേരിടേണ്ടി വരുന്നത്. രോഗി നഴ്‌സിനെ 'വംശീയ അസഭ്യം' വിളിച്ചതൊന്നും ട്രസ്റ്റിന് വിഷയമാകുന്നില്ലെന്നതും അത്ഭുതകരമാണ്. സറേയിലെ കാര്‍ഷാല്‍ടണ്‍ സെന്റ് ഹെലിയര്‍ ഹോസ്പിറ്റലില്‍ നിന്നും മെല്ലെയെ സസ്‌പെന്‍ഡ് ചെയ്യുകയാണ് ഉണ്ടായത്. താന്‍ നേരിട്ട അനുഭവങ്ങളെ കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചതോടെയായിരുന്നു ഇത്.
വിഷയത്തില്‍ നഴ്‌സിനെതിരെ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഷാഡോ വുമണ്‍ & ഇക്വാളിറ്റീസ് മന്ത്രി ക്ലെയര്‍ കൗടിനോയാണ് എന്‍എച്ച്എസ് ട്രസ്റ്റിന് കത്തയച്ചത്. അടുത്ത ആഴ്ചയിലെ ഹിയറിംഗില്‍ ഇവര്‍ക്കെതിരായ നടപടി തീരുമാനിക്കാന്‍ ഇരിക്കവെയാണ് ഇടപെടല്‍. ഹിയറിംഗിന് ഒടുവില്‍ നഴ്‌സിനെ പുറത്താക്കാനുള്ള സാധ്യതയുമുണ്ട്.