
















ഈ വിന്ററില്‍ എന്‍എച്ച്എസ് ചരിത്രപരമായ പ്രതിസന്ധിയാണ് അഭിമുഖീകരിക്കുന്നതെന്ന് മുന്നറിയിപ്പ്. ഒരു ഭാഗത്ത് സമരജ്വാല പടരുമ്പോള്‍ മറുഭാഗത്ത് റെക്കോര്‍ഡ് തോതിലാണ് ഫ്‌ളൂ ബാധിച്ച് ആളുകള്‍ ആശുപത്രിയിലെത്തുന്നത്. ഇതോടെ ജനങ്ങളോട് മാസ്‌ക് ധരിക്കാനുള്ള ഉപദേശമാണ് വിദഗ്ധര്‍ നല്‍കുന്നത്.
എക്‌സ്ട്രാ മ്യൂട്ടേഷന്‍ സംഭവിച്ച 'സൂപ്പര്‍ഫ്‌ളൂവാണ്' ഇപ്പോള്‍ യുകെയില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതെന്നാണ് കരുതുന്നത്. കൂടുതല്‍ ഇന്‍ഫെക്ഷനും, രോഗം ഗുരുതരമാകാനും, ആശുപത്രി അഡ്മിഷന്‍ ഉയര്‍ത്താനും ഇടയാക്കുന്ന സ്‌ട്രെയിനാണ് വ്യാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മറ്റ് സീസണല്‍ വൈറസുകളും ആളുകള്‍ക്ക് എളുപ്പത്തില്‍ പിടിപെടുന്നുണ്ട്.
സൂപ്പര്‍ഫ്‌ളൂവായി വിശേഷിപ്പിക്കപ്പെടുന്ന ഇന്‍ഫ്‌ളുവെന്‍സ എ (എച്ച്3എന്‍2) സ്‌ട്രെയിനാണ് കേസുകളില്‍ മുന്നിലുള്ളത്. അസാധാരണ നിലയില്‍ ഇക്കുറി ഫ്‌ളൂ സീസണ്‍ വളരെ നേരത്തെ പ്രതിസന്ധിയായി വളര്‍ന്നിട്ടുണ്ടെന്ന് ഹെല്‍ത്ത് മേധാവികള്‍ മുന്നറിയിപ്പ് നല്‍കുന്നു. അഞ്ച് മുതല്‍ 14 വയസ്സ് വരെ പ്രായത്തിലുള്ള കുട്ടികളിലാണ് ഇപ്പോള്‍ രോഗം വര്‍ദ്ധിക്കുന്നത്. 2023-നെ അപേക്ഷിച്ച് പത്തിരട്ടി രോഗികള്‍ ആശുപത്രികളിലുണ്ട്. 
ഇംഗ്ലണ്ടിലെ ആശുപത്രികളില്‍ റെക്കോര്‍ഡ് തോതില്‍ രോഗികള്‍ എത്തുന്നത് എന്‍എച്ച്എസിന് ആശങ്കയാണ് സമ്മാനിക്കുന്നത്. ഇതുവരെ രേഖപ്പെടുത്തിയതില്‍ വെച്ച് ഏറ്റവും ദുരിതമയമായ ഫ്‌ളൂ സീസണ്‍ നേരിടാനുള്ള സാധ്യതയുണ്ടെന്ന് എന്‍എച്ച്എസ് ഇംഗ്ലണ്ട് മേധാവി ജിം മാക്കി മുന്നിറിയിപ്പില്‍ പറയുന്നു. കൊവിഡ് കാലഘട്ടത്തിന് സമാനമായ സമ്മര്‍ദങ്ങളാണ് ആശുപത്രികളില്‍ നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
രോഗം പിടിപെട്ടതായി സംശയം തോന്നുന്നവര്‍ മാസ്‌ക് ധരിക്കാനാണ് അധികൃതര്‍ ഉപദേശിക്കുന്നത്. ലണ്ടന്‍, ലിങ്കണ്‍ഷയര്‍, ഷ്രോപ്ഷയര്‍, ഓക്‌സ്‌ഫോര്‍ഡ്ഷയര്‍ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.