
















ബ്രിട്ടനില്‍ രാഷ്ട്രീയക്കാര്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഇമിഗ്രേഷനെ കുറിച്ചാണ്. അനധികൃത കുടിയേറ്റം തടയാന്‍ പരാജയപ്പെടുന്നത് മറയ്ക്കാന്‍ നിയമപരമായ കുടിയേറ്റത്തിന് വിലങ്ങിട്ട് കണക്കുകള്‍ കാണിച്ച് ഗംഭീരമാക്കുന്ന തിരക്കിലാണ് ഇവര്‍. എന്നാല്‍ ഇതിന്റെ പേരില്‍ ഇമിഗ്രേഷന്‍ വിരുദ്ധതയും, വംശവെറിയും വര്‍ദ്ധിച്ച് വരുന്നുവെന്നത് മറ്റൊരു ഭീഷണിയാണ്.
റിഫോം യുകെ പോലുള്ള പാര്‍ട്ടികള്‍ ശക്തിയാര്‍ജ്ജിക്കുമ്പോള്‍ ബ്രിട്ടനില്‍ വംശവെറി വര്‍ദ്ധിക്കുമെന്ന ആശങ്കകള്‍ ശക്തമാണ്. ഇതോടൊപ്പം കൂട്ടിച്ചേര്‍ത്ത് വായിക്കാന്‍ കഴിയുന്ന റിപ്പോര്‍ട്ടാണ് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.
എന്‍എച്ച്എസിന് ഏറ്റവും കൂടുതല്‍ നഴ്‌സുമാരെ സംഭാവന ചെയ്യുന്ന ഇന്ത്യയില്‍ നിന്നും ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ എത്തിയ നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും എണ്ണത്തില്‍ 58% കുറവ് വന്നിട്ടുണ്ടെന്നാണ് കണക്ക്.
യുകെയിലേക്ക് വരുന്ന വിദേശ നഴ്‌സുമാരുടെയും, മിഡ്‌വൈഫുമാരുടെയും എണ്ണം ഇടിയുന്നുവെന്ന് എന്‍എംസി കണ്ടെത്തി. ഉയരുന്ന വംശവെറിയും, ഇമിഗ്രേഷന്‍ നിയമങ്ങളിലെ മാറ്റങ്ങളുമാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നത്.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 6321 വിദേശ നഴ്‌സുമാരും, മിഡ്‌വൈഫുമാരും രജിസ്റ്ററിലെത്തി. 2024-ല്‍ ഇതേ കാലയളവില്‍ 12,534 പേര്‍ എത്തിയ ഇടത്താണ് ഇത്. അതേസമയം യുകെ ഉപേക്ഷിക്കുന്ന വിദേശ ജീവനക്കാരുടെ എണ്ണം ഉയരുന്നുവെന്നും എന്‍എംസി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 1970, 1980 കാലഘട്ടത്തിലുണ്ടായിരുന്ന വിധത്തിലുള്ള വംശവെറി ഇപ്പോള്‍ നേരിടേണ്ടി വരുന്നുവെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു. കൂടുതല്‍ ശമ്പളമുള്ള മറ്റ് രാജ്യങ്ങളിലേക്ക് പോകാന്‍ വിദേശ ജീവനക്കാര്‍ ശ്രമിക്കുന്നതായി എന്‍എംസി വ്യക്തമാക്കുന്നുണ്ട്.