
















ബ്രിട്ടനിലെ കെയര്‍ ഹോമുകളില്‍ ജോലി സംഘടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയ നിരവധി കേസുകള്‍ മുന്‍പ് പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ കെയര്‍ ഹോം മേധാവി തന്നെ അനധികൃത കുടിയേറ്റക്കാര്‍ക്ക് കെയറര്‍ ജോലികള്‍ തരപ്പെടുത്തി നല്‍കുന്ന കേസുകള്‍ ഒരുപക്ഷെ ഇതാദ്യമാകും. അനധികൃത കുടിയേറ്റക്കാരില്‍ നിന്നും 19,000 പൗണ്ട് ഈടാക്കി റിക്രൂട്ട്‌മെന്റ് നടത്തിവന്ന മലയാളി കെയര്‍ ഹോം മേധാവിക്കാണ് ഇപ്പോള്‍ ഇതിന്റെ പേരില്‍ ജയില്‍ശിക്ഷ വിധിച്ചത്.
2017 മുതല്‍ 2018 വരെയാണ് സൗത്ത് ഇന്ത്യയില്‍ നിന്നും എത്തുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് ബിനോയ് തോമസ് ജോലി സംഘടിപ്പിച്ച് നല്‍കിയത്. എ ക്ലാസ് കെയര്‍ റിക്രൂട്ട്‌മെന്റ് എന്ന ഇയാളുടെ കമ്പനി വഴി കെയര്‍ അസിസ്റ്റന്റുമാരായാണ് അനധികൃത കുടിയേറ്റക്കാരെ ജോലിക്ക് എടുത്തിരുന്നത്.
കടല്‍മാര്‍ഗ്ഗം യുകെയിലെത്തുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ബെക്‌സ്ഹില്ലിലെ തോമസിന്റെ വീട്ടിലെത്തുകയും, ഇയാള്‍ ജോലി ശരിയാക്കി കൊടുക്കുകയുമാണ് ചെയ്തിരുന്നതെന്ന് ല്യൂവിസ് ക്രൗണ്‍ കോടതി വിചാരണയില്‍ വ്യക്തമാക്കി. ഇത്തരം 13 കേസുകളിലാണ് കോടതി തോമസിനെ കുറ്റക്കാരനായി കണ്ടെത്തിയത്. യുകെയില്‍ എത്താനോ, ജോലി ചെയ്യാനോ അവകാശമില്ലാത്ത ആളുകള്‍ക്ക് ജോലി തരപ്പെടുത്തിയെന്നാണ് കണ്ടെത്തല്‍. 
ഇമിഗ്രേഷന്‍ നടപടികള്‍ വ്യക്തമായി അറിയുമായിരുന്നുവെന്നത് പ്രയോജനപ്പെടുത്തിയാണ് 50-കാരനായ ബിനോയ് തോമസ് 13 ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജോലി കണ്ടെത്തിയത്. എന്നാല്‍ 2018 ജൂണ്‍ 5ന് പോലീസ് ഇയാളുടെ ഓപ്പറേഷന്‍ കണ്ടെത്തിയതോടെയാണ് സംഭവം പൊളിഞ്ഞത്. 2007-ല്‍ യുകെയിലെത്തിയ തോമസ് 2012-ല്‍ പൗരത്വം നേടി.
പ്രഖ്യാപിച്ച ശിക്ഷയില്‍ പകുതി തോമസിന് ജയിലില്‍ അനുഭവിച്ചാല്‍ മതിയാകും. ഇതിന് ശേഷം ലൈസന്‍സില്‍ പുറത്തുവിടുന്ന ഇയാള്‍ക്ക് ഈ കുറ്റകൃത്യത്തില്‍ നിന്നും ലഭിച്ച പണത്തിന്റെ പേരില്‍ വീണ്ടും വിചാരണ നേരിടേണ്ടി വരും.