
















റിയാലിന്റെ തകര്‍ച്ചയും നാണ്യപ്പെരുപ്പവും മൂലം ഇറാനില്‍ ആരംഭിച്ച പ്രതിഷേധത്തില്‍ മരണസംഖ്യ 500 കടന്നതായി റിപ്പോര്‍ട്ട്. മരിച്ചവരുടെ എണ്ണം 538 ആയി എന്നാണ് യുഎസ് സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്തെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചുകഴിഞ്ഞു. പലയിടങ്ങളിലും പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ഭരണകൂടം കടുത്ത മുറകള്‍ പ്രയോഗിക്കുന്നുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.
10,600ല്‍ അധികം പേരെ കസ്റ്റഡിയിലെടുത്തു എന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിഷേധം പൊളിക്കാനായി രാജ്യത്ത് ഇന്റര്‍നെറ്റ്, ടെലിഫോണ്‍ ബന്ധങ്ങളെല്ലാം വിച്ഛേദിച്ചിരിക്കുകയാണ്. അതേസമയം, പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി ലോകമെമ്പാടും മാര്‍ച്ചുകളും അരങ്ങേറുന്നുണ്ട്. ലണ്ടന്‍, പാരിസ്, ഇസ്താംബുള്‍ എന്നിവിടങ്ങളിലാണ് പ്രതിഷേധ മാര്‍ച്ചുകള്‍ അരങ്ങേറുന്നത്.
ഇറാന്‍ സംഘര്‍ഷത്തില്‍ അമേരിക്ക ഇടപെട്ടേക്കും എന്ന സൂചനകള്‍ പുറത്തുവരുന്നതോടെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. പ്രതിഷേധക്കാരെ കൊലപ്പെടുത്തുന്നത് തുടര്‍ന്നാല്‍ യുഎസ് നോക്കിനില്‍ക്കില്ല എന്നും ഇറാനില്‍ ആക്രമണം നടത്തുമെന്നും ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. ഇതിനായി തങ്ങള്‍ തയ്യാറെടുത്തുകൊണ്ടിരിക്കുകയാണെന്നും മേഖലയിലെ യുഎസ് സൈനികര്‍ ഇതിന്റെ സാധ്യതകള്‍ പരിശോധിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ ട്രംപിന് മറുപടിയുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ളാഹ് ഖമനയിയും രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തില്‍ കഴിഞ്ഞ ദിവസം ട്രംപിനെ 'അഹങ്കാരി' എന്നാണ് ഖമനയി വിശേഷിപ്പിച്ചത്. ട്രംപിന്റെ കരങ്ങളില്‍ ഇറാന്‍ ജനതയുടെ രക്തം പുരണ്ടിരിക്കുന്നു. സ്വന്തം രാജ്യത്തെ പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ തലകീഴായി മാറുമെന്നും ഖമനയി പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ക്ക് എതിരെയും പ്രതികരിച്ച ഖമനയി ട്രംപിനെ സന്തോഷിപ്പിക്കാന്‍ വേണ്ടി പ്രതിഷേധക്കാര്‍ സ്വന്തം തെരുവുകള്‍ നശിപ്പിക്കുകയാണെന്ന് ആരോപിച്ചിരുന്നു.